നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുളള വാഹന നിരോധനം ഭാഗീഗകമായി നീക്കി. പമ്പയിൽ ഭക്തരെയിറക്കി ഒരുമണിക്കൂറിനകം നിലക്കലിലെത്തി വാഹനം പാർക്ക് ചെയ്യണമെന്ന നിബന്ധനയോടെയാണ് കടത്തിവിടുന്നത്. അസൗകര്യങ്ങൾ കണക്കിലെടുത്ത് നിലവിൽ ഡ്രൈവറടക്കം 15 പേർക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങൾ മാത്രമാണ് നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുന്നത്.
ഇതോടെ പമ്പയിൽ ഗതാഗത കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് പോലീസ്. പമ്പയിൽ ആളെ ഇറക്കി തിരികെ വരും എന്ന് ഉറപ്പുള്ള ചെറുവാഹനങ്ങൾ മാത്രമാണ് നിലക്കലിൽ നിന്ന് കടത്തിവിട്ടു തുടങ്ങിയത്. നിയന്ത്രിതമായാണെങ്കിൽ കൂടി ഇളവ് അനുവദിച്ചത് അയ്യപ്പന്മാർക്ക് ആശ്വാസമാണ്. തീർത്ഥാടകർക്കൊപ്പം ഡ്രൈവറുമുള്ള ചെറുവാഹനങ്ങൾക്ക് പമ്പയിലേക്ക് പോകാം. പമ്പയിൽ പാർക്കിംഗ് അനുവദിക്കില്ല.