പൊലീസുകാര്‍ അസഭ്യം പറയരുത്; ഡിജിപിയുടെ നിർദ്ദേശം.

ഏതു സാഹചര്യത്തിലായായും പൊലീസുകാർ അസഭ്യവാക്കുകള്‍ പറയരുതെന്ന് ഡിജിപിയുടെ നിർദ്ദേശം. പോലീസിന്‍റെ  പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലറിലാണ് നിർദ്ദേശങ്ങളുള്ളത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ പൊലീസുകാർക്കുമായി മാർഗനിദ്ദേശങ്ങളിറക്കിയത്.

ഒരു പൊലീസുകാരനെതിരെ മോശമായ പരാതിയുണ്ടായാൽ അയാളെ തൽസ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവി മാറ്റിനിർത്തണം. തന്‍റെ പേരിലുയർന്ന ആരോപണം തെറ്റാണെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം  ആ പൊലീസുകാരന് തന്നെയാകും. പരാതിക്കാര്‍ക്ക് സഹാനുഭൂതി പകരുന്ന തരത്തില്‍ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും പൊലീസുകാരോട് ഡിജിപി നിർദ്ദേശിക്കുന്നു.

ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മനുഷ്യാവകാശ കമ്മീഷനും ഡിജിപിയും നൽകിയിട്ടുള്ള നിർദ്ദേശങ്ങള്‍ പാലിക്കണം. സഹായം അഭ്യര്‍ത്ഥിച്ച് പോലീസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ പലതും തെറ്റാണെന്ന് കരുതി ഏതാനും ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കാതിരിക്കുന്നുണ്ട്. സന്ദേശങ്ങള്‍ ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകണം.

എന്നാല്‍, വ്യാജസന്ദേശങ്ങള്‍ നല്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. പൊലീസിലെ ഉന്നതഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നല്‍കാനും വിവരങ്ങള്‍ കൈമാറാനും അന്വേഷണപുരോഗതി മനസ്സിലാക്കാനും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകരുതെന്നും ഡിജിപി നിർദ്ദേശിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*