കൃപേഷിന്‍റെ സഹോദരിയുടെ വിവാഹച്ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും..!!

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, ഹരിപ്പാട് എന്നിവിടങ്ങളില്‍ വച്ചു നടത്താന്‍ ഇരുന്ന മകന്റെ വിവാഹ സല്‍ക്കാരച്ചടങ്ങുകള്‍ വേണ്ടന്ന് വച്ചു. സല്‍ക്കാരത്തിനായി ചെലവഴിക്കാനിരുന്ന തുക കൃപേഷിന്റെ കുടുംബത്തിന് നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത് വിവാഹിതനായത്.

വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. കൃപേഷിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക.  കൃപേഷിന്‍റെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്‍റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുളള വീടെന്ന കൃപേഷിന്‍റെ പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെപിസിസി 25 ലക്ഷം വീതം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ഒരു ലക്ഷം രൂപ അടിയന്തരസഹായമായി നല്‍കും. മാര്‍ച്ച് രണ്ടിന് യുഡിഎഫ് നേതാക്കള്‍ കാസര്‍കോട്ടെത്തി ധനസമാഹരണം നടത്തും. ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്. സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*