ഹര്‍ത്താലില്‍ വ്യാപക അക്രമം; സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തു, പൊലീസിനു നേരെ കല്ലേറ്..!!

ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഹര്‍ത്താല്‍ ആനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തു. എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. മലപ്പുറം തവനൂരില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിച്ചത്. പാലക്കാട് വെണ്ണക്കരയില്‍ സി.പി.ഐ.എം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കോഴിക്കോട് പാലൂരില്‍ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകര്‍ന്ന് ഡ്രൈവര്‍ ഷനോജിന് പരിക്കേറ്റു. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കര്‍മ്മ സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു.

പാലക്കാടും തൃശ്ശൂരും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ബെംഗളൂരുവില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട്, പെരുമ്പ എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു. കണ്ണൂര്‍ നഗരത്തില്‍ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബെംഗളൂരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദര്‍ശനത്തിനായി നൂറുകണക്കിന് തീര്‍ത്ഥാടനത്തിനായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് മാത്രമാണ് കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. പത്തനംതിട്ടയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വിസുകള്‍ നിര്‍ത്തിവച്ചു. പമ്പയിലേക്ക് ചെങ്ങന്നൂരില്‍ നിന്നും 16 സര്‍വീസുകള്‍ പമ്പയിലേക്ക് നടത്തി. കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹില്‍ കോയ റോഡിലും ഹര്‍ത്താലാനുകൂലികള്‍ റോഡില്‍ കല്ലിട്ടും ടയര്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികള്‍ കൊട്ടാരക്കരയില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*