നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹാദിയക്കും ഷെഫിനും വിവാഹ സര്‍ട്ടിഫിക്കറ്റ്..!!

ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച നിയമപോരാട്ടത്തിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറിയ  ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹത്തിന് ഒടുവില്‍ ഔദ്യോഗിക സാക്ഷ്യം. 2016 ഡിസംബര്‍ 19ന് വിവാഹതിരായ ഹാദിയ, ഷെഫിന്‍ ദമ്പതികള്‍ക്ക് രണ്ടാം വിവാഹ വാര്‍ഷികത്തിന് ഒരുങ്ങവേയാണ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. 2016 ഡിസംബര്‍ 19ന് വിവാഹിതരായതിന്റെ പിറ്റേന്ന് തന്നെ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍, പിതാവ് അശോകന്റെ ഹര്‍ജിയില്‍ 22ന് ഹൈക്കോടതി ഇടപെട്ട് വിവാഹം റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് പഞ്ചായത്തില്‍ നിന്ന് രേഖകള്‍ മുഴുവന്‍ കൊണ്ടുപോയി. പിന്നീടാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെ ഹാദിയയും ഷെഫിനും ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി തള്ളുകയും ഹാദിയയെയും ഷെഫിനെയും ഭാര്യാഭര്‍ത്തക്കന്മാരായി ജീവിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ക്രൈംബ്രാഞ്ച് എന്‍ഐഎക്ക് നല്‍കിയ രേഖകള്‍ തിരിച്ചു നല്‍കാത്തതായിരുന്നു കാരണം.

സര്‍ട്ടിഫിക്കറ്റിനായി പല തവണ ഒതുക്കങ്ങല്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും രേഖകള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ കൈയിലായതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷെഫിന്‍ പറഞ്ഞു. തുടര്‍ന്ന് നവംബര്‍ 2ന് ഇരുവരും എന്‍ഐഎ കോടതിയില്‍ നേരിട്ട് ചെന്ന് രേഖകള്‍ ഏറ്റുവാങ്ങുകയായിരുന്നു. രേഖകള്‍ സഹിതം വീണ്ടും പഞ്ചായത്തിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തങ്ങളുടെ വിവാഹത്തിന് ഔദ്യോഗിക സാക്ഷ്യപത്രം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നിയമപോരാട്ടത്തിന്റെ മറ്റൊരു വിജയമാണിതെന്നും ഷെഫിന്‍ തേജസിനോട് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*