മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

പൗരത്വ ഭേദഗതി നിയമവും എൻ‌.ആർ.‌സിയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി. 20 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത പ്രതിപക്ഷ യോഗത്തിൽ സംസാരിച്ച സോണിയ ഗാന്ധി, രാജ്യമെമ്പാടും സ്വമേധയാ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും പൊലീസിന്‍റെ നടപടി ഞെട്ടിക്കുന്നതാണെന്നും പൊലീസിന്‍റെ അടിച്ചമര്‍ത്തല്‍ പക്ഷപാതപരവും ക്രൂരവുമാണെന്നും കോൺഗ്രസ് മേധാവി പറഞ്ഞു. ജനങ്ങൾക്ക് സുരക്ഷ നൽകാനും ഭരണം നടത്താനുമുള്ള മോദി-ഷാ സർക്കാരിന്‍റെ കഴിവില്ലായ്മ പൂർണ്ണമായും തുറന്നുകാട്ടുന്നതാണ് നിലവിലെ സ്ഥിതിഗതികളെന്നും സോണിയ ഗാന്ധി ആരോപിച്ചു.

“പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആഴ്ചകൾക്കുമുമ്പ് അവർ നടത്തിയ പ്രസ്താവനകളില്‍ തന്നെ വൈരുദ്ധ്യമുണ്ട്. മാത്രമല്ല, ഭരണകൂട അടിച്ചമർത്തലിനെയും അക്രമത്തെയും കുറിച്ച് അജ്ഞത നടിച്ച് പ്രകോപനപരമായ പ്രസ്താവനകൾ തുടരുകയാണ്,” സോണിയ ഗാന്ധി പറഞ്ഞു. എൻ‌.ആർ.‌സി അസമിൽ പാളിയതോടെ, ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന എൻ‌.പി‌.ആറിലാണ് മോദി-ഷാ സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*