പ്രതികളെ കൊലപ്പെടുത്തിയതില്‍ വിശദീകരണവുമായി പൊലീസ്

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതില്‍ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെന്നും,​ അതിന് തയ്യാറാകാതെ അവര്‍ ആക്രമിക്കാന്‍ മുതിര്‍പ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്‌. നവംബര്‍ 28നാണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ലോറി തൊഴിലാളികളായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതികള്‍ക്കെതിരായ ശാസ്ത്രീയ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും വി.സി. സജ്ജനാര്‍ പറഞ്ഞു. പൊലീസിന്‍റെ കൈവശമുള്ള തോക്കുകള്‍ തട്ടിപ്പറിച്ച്‌ വെടിവെക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നെന്നും,​ പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പൊലീസുകാര്‍ക്ക് ആര്‍ക്കും തന്നെ വെടിയേറ്റിട്ടില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. അയല്‍ സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*