പോക്‌സോ കേസ് വിചാരണയ്ക്ക് 57 അതിവേഗ കോടതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പോക്‌സോ കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 57 അതിവേഗ കോടതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു നടപടി. പോക്‌സോ കേസുകള്‍ കാര്യക്ഷമമാക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി രൂപവത്ക്കരിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു.

ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, നിയമം, പട്ടികജാതി-വര്‍ഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ സമതിയില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന വീടുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കും. കുട്ടികള്‍ക്ക് ശരിയായ ലൈംഗീക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യ പദ്ധതിയില്‍ ഇടമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോക്‌സോ കേസുകളില്‍ 2016-ല്‍ 19 ശതമാനമായിരുന്ന ശിക്ഷ നിരക്ക് 24 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് നല്‍കും. വീടുകളില്‍ ഉള്‍പ്പെടെയുണ്ടാകുന്ന പീഡനങ്ങളെ കുറിച്ച് തുറന്നു പറയാന്‍ കുട്ടികള്‍ക്ക് ധൈര്യം ലഭിക്കണം. ഇതിനായി കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*