മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസും രാജിവെച്ചു. രാജിപ്രഖ്യാപനം മുംബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തത് ബിജെപി-ശിവസേന സഖ്യമായ മഹായുതിയെ ആണെന്നും എന്നാല്‍ സഖ്യമര്യാദ പാലിക്കാന്‍ ശിവസേന തയാറായില്ലെന്നും ഫഡ്നാവിസ്. അധികാരത്തിലെത്തി നാലു ദിവസത്തിന് ശേഷമാണ് നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. ഗവര്‍ണറെ കണ്ട് ഫഡ്നാവിസ് രാജിക്കത്ത് നല്‍കും.
ദിവസങ്ങള്‍ക്കു മുന്‍പ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ ഇന്ന് ഉച്ചയോടെയാണു രാജിവച്ചിരുന്നു. ജസ്റ്റിസ് എന്‍.വി. രമണ, അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ വിശ്വാസവോട്ട് തേടാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു തലേന്നാണ് ഇരുവരുടേയും രാജിപ്രഖ്യാപനം.
സ്ഥിരം സ്പീക്കര്‍ എന്ന ബിജെപി ആവശ്യം കോടതി തള്ളി. പ്രോടൈം സ്പീക്കറെ നിയമിച്ച് നാളെ വൈകിട്ട് അഞ്ചിന് വിശ്വാസവോട്ട് നടത്താനായിരുന്നു ഉത്തരവ്. രഹസ്യബാലറ്റ് പാടില്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി. ഗവര്‍ണര്‍ നല്കിയ പതിനാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് ഫട്നാവിസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി ഇന്നലെ വാദിച്ചിരുന്നു. ചട്ടപ്രകാരം പ്രോടൈം സ്പീക്കറെ അല്ല നിയമിക്കേണ്ടതെന്നും സഭ സമ്മേളിച്ച് സ്പീക്കറേയും മറ്റ് കക്ഷി നേതാക്കളേയും തീരുമാനിച്ച ശേഷമാകണം വിശ്വാസവോട്ടെടുപ്പെന്നും റോത്തഗി സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.