സി.പി.ഐ.എം പ്രവര്‍ത്തകരുടെ അറസ്റ്റില്‍ ഡി.ജി.പിയോട് വിശദീകരണം തേടി മുഖ്യമന്ത്രി

കോഴിക്കോട് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്ത സംഭവത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏത് സാചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ചോദിച്ചു. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളും സി.പി.ഐ.എം പ്രവര്‍ത്തകരുമായ രണ്ട് യുവാക്കളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.

യു.എ.പി.എ ചുമത്തിയത് നേരിട്ട് അന്വേഷിക്കാന്‍ ഉത്തരമേഖല ഐ.ജിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐ.ജി പന്തീരങ്കാവ് സ്റ്റേഷനിലെത്തി അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയത്. യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് പുനരാലോചന നടത്തേണ്ടിയിരുന്നെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞിരുന്നു.

അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും സമഗ്ര അന്വേഷണം നടത്തിയ ശേഷവും ഇവര്‍ക്ക് അത്തരത്തില്‍ ഭീകരസംഘത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്താന്‍ പാടുള്ളൂവായിരുന്നെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*