മകന്റെ വിവാഹത്തിനു കരുതിവെച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കി എം.എല്‍.എ. തളിപ്പറമ്പില്‍ നിന്നുള്ള നിയമസഭാംഗം ജെയിംസ് മാത്യുവാണ് രണ്ടാം തവണയും വിവാഹത്തിനു കരുതിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.
എം.എല്‍.എയുടെ ഭാര്യ എന്‍. സുകന്യയാണ് മുഖ്യമന്ത്രിയെ പണം ഏല്‍പ്പിച്ചത്. ഈമാസം 24-നാണ് ലളിതമായ ചടങ്ങുകളോടെ വിവാഹം. കഴിഞ്ഞവര്‍ഷം മകളുടെ വിവാഹത്തിന് കരുതിവെച്ച അഞ്ചുലക്ഷം രൂപയായിരുന്നു പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം 1.24 കോടി രൂപയുടെ 6009 പേരുടെ സംഭാവനയായി എത്തിയിരുന്നു.
എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും വ്യവസായ പ്രമുഖനുമായ എം.എ യൂസഫലി ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്തു. ഡി.എം.കെ നേരത്തെ അയച്ചതിന് പിന്നാലെ ഇന്നലെ 10 ലോഡ് സാധനങ്ങള്‍ കൂടി അയച്ചു. ഇത് വരെ ഒരു കോടിയുടെ സാധനങ്ങളാണ് ഡി.എം.കെ കേരളത്തിലേക്ക് അയച്ചത്.