രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് അരുൺ ജയ്‍റ്റ്‍ലി പിൻമാറി..!!

പുതിയ സർക്കാരിൽ ചുമതലകൾ നൽകരുതെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. ഇത്തവണ പുതിയ സർക്കാരിൽ തൽക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുൺ ജയ്‍റ്റ്‍ലി നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സർക്കാരിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അരുൺ ജയ്‍റ്റ്‍ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി. ഇതോടെ ധനമന്ത്രിസ്ഥാനത്തേക്ക് പുതിയ ആൾ എത്തുമെന്ന് ഉറപ്പായി.

”എന്‍റെ ആരോഗ്യവും ചികിത്സയും കണക്കിലെടുത്താണ് എന്നെ തൽക്കാലം ഒഴിവാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നത്”, അരുൺ ജയ്‍റ്റ്‍ലി കത്തിൽ കുറിച്ചു. അരുൺ ജയ്‍റ്റ്‍ലി വിദേശത്തേക്ക് ചികിത്സയ്ക്ക് പോയ സമയത്ത് പകരം ചുമതല വഹിച്ച മുൻ ഊർജ, റെയിൽ മന്ത്രി പിയൂഷ് ഗോയൽ പുതിയ ധനമന്ത്രിയാകുമെന്നാണ് സൂചന.

ഇന്ന് രാത്രി മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകും. ഇതിന് മുന്നോടിയായി ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ് നരേന്ദ്രമോദിയും അമിത് ഷായും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*