പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതിയെ രക്ഷിക്കാന്‍ മൊഴി മാറ്റി; പ്രതിക്ക് പത്തുവര്‍ഷം തടവ് വിധിച്ച്‌ കോടതി..!!

 പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി പ്രതിയെ രക്ഷിക്കാന്‍ കോടതിയില്‍ മൊഴിമാറ്റിയിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുടുങ്ങി. ആലപ്പുഴയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത തമിഴ് പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് പീഡനത്തിനിരയായത്. എന്നാല്‍ പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതിനിടെ ഗര്‍ഭിണിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ പോലും അറിയാതെ ആലപ്പുഴയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തമിഴ് മാത്രം സംസാരിച്ചിരുന്ന പെണ്‍കുട്ടിയോട് പോലീസ് കേസെടുത്ത് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇരുപത്തിനാലുകാരനായ മാരിയപ്പന്‍ എന്നയാള്‍ കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി എന്ന വിവരം മനസിലായത്.  തുടര്‍ന്ന് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ വിചാരണയ്ക്കിടെ മാരിയപ്പനല്ല പീഡിപ്പിച്ചതെന്ന വാദം നിരത്തി പീഡനക്കേസിലെ ഇരപോലും പ്രതിയ്ക്കനുകൂലമായി മൊഴിമാറ്റി.

പക്ഷേ കോടതി ഡിഎന്‍എ പരിശോധനയിലൂടെ ഗര്‍ഭത്തിനുത്തരവാദി മാരിയപ്പനാണെന്ന് മനസിലാക്കി ശിക്ഷ വിധിക്കുകയായിരുന്നു. ആലപ്പുഴ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ് എച്ച്‌ പഞ്ചാപ കേശനാണ് ശാസ്ത്രീയ രീതികള്‍ അവലംബിച്ച്‌ ശിക്ഷ വിധിച്ചത്.  പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ മാത്രം കണക്കിലെടുത്ത് ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യ പോക്‌സോ കേസാണിതെന്ന് പിന്നീട് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*