പാകിസ്താന് ഷാരൂഖ്ഖാന്‍റെ 45 കോടി സഹായം; സത്യാവസ്ഥ എന്ത്?

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെതിരെയാണ് അപവാദ പ്രചാരണം. ഷാരൂഖ് പാകിസ്താന് 45 കോടി രൂപയുടെ സഹായം നല്‍കിയെന്നാണ് പ്രചാരണം. പുല്‍വാമയിലെ സൈനികര്‍ക്ക് അദ്ദേഹം ഒന്നും നല്‍കിയിട്ടില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. പാകിസ്താനിലെ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് ഷാരൂഖ് സഹായം നല്‍കിയതെന്നാണ് പ്രചാരണം.

എന്നാല്‍ ഇത്തരത്തില്‍ യാതൊരു സഹായവും അദ്ദേഹം നല്‍കിയിട്ടില്ല. ഷാരൂഖിന്‍റെ ഓഫീസും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഷാരൂഖിന്റെ രാജ്യസ്‌നേഹത്തെയും ചിലര്‍ ഈ വീഡിയോ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം സാനിയ മിര്‍സയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് ഷാരൂഖ് ഖാനും ഇതിന്‍റെ ഭാഗമായത്. പുല്‍വാമ ആക്രമണത്തെ അപലപിച്ച ട്വീറ്റില്‍ പാകിസ്താനെ കുറിച്ച്‌ പറഞ്ഞില്ലെന്ന് ആരോപിച്ചാണ് സാനിയക്കെതിരെ പ്രചാരണം ആരംഭിച്ചത്.

അതേസമയം ഷാരൂഖിനെതിരെ പ്രചരിക്കുന്ന വീഡിയോ ഇന്ത്യാ ടിവി 2017 പ്രക്ഷേപണം ചെയ്തതാണ്. എന്നാല്‍ ഈ വാര്‍ത്തയില്‍ സത്യമില്ലെന്ന് അവര്‍ ക്ലിപ്പില്‍ പറയുന്നുണ്ട്. അതേസമയം ട്വിറ്ററില്‍ ഷാരൂഖിന്റെ ആരാധകര്‍ വന്‍ പ്രതിഷേധം വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഉയര്‍ത്തിയിരിക്കുകയാണ്. #stopfakenewsagainstsrk എന്ന ഹാഷ്ടാഗോടെയാണ് ആരാധകര്‍ പ്രതിഷേധം തുടങ്ങിയത്. സംവിധായകന്‍ ഹന്‍സല്‍ മേത്തയും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. താന്‍ കണ്ടതില്‍ വച്ച്‌ ഏറ്റവും ദയയുള്ള മനുഷ്യനാണ് ഷാരൂഖ്.

താന്‍ സഹായിക്കുന്നത് പുറത്തറിയാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിക്കാറുണ്ട്. സ്വന്തം ഇമേജ് വളര്‍ത്തുന്നതിനായി അത്തരം കാര്യങ്ങള്‍ പോലും അദ്ദേഹം ഉപയോഗിക്കാറില്ല. ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാരൂഖിന്റെ പിതാവ് രാജ്യത്തിന് വേണ്ടി പോരാടിയ വ്യക്തിയാണെന്നും, ഒരിക്കല്‍ പോലും ഷാരൂഖിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ആരാധകര്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*