ശബരിമല നടയടച്ചു; തീര്‍ത്ഥാടകരെ നീക്കുന്നു ..??

യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ചു. സന്നിധാനത്ത് ‘ശുദ്ധിക്രിയ’ വേണമെന്ന് തന്ത്രി. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തിയും തമ്മില്‍ ചര്‍ച്ച നടത്തുന്നു. ശബരിമല നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ അറിയിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് നടയടച്ചതെന്നാണ് വിവരം. യുവതികള്‍ പ്രവേശിച്ചതിന്റെ ‘പരിഹാരക്രിയ’ ചെയ്യാനാണ് നടയടച്ചത്. ഭക്തരെ സന്നിധാനത്ത് നിന്നും നീക്കിയാണ് പരിഹാരക്രിയ ചെയ്യുന്നത്.

ഇക്കാര്യം തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ഇരുവരും ചേര്‍ന്ന് കൂടിയാലോചനയ്ക്ക് ശേഷമാണ് ‘ശുദ്ധിക്രിയ’ ചെയ്യാന്‍ തീരുമാനമെടുത്തത്. ചരിത്രം തിരുത്തി ശബരിമലയില്‍ യുവതികള്‍ ഇന്ന് ദര്‍ശനം നടത്തിയിരുന്നു. ബിന്ദു കനകദുര്‍ഗ എന്നീ യുവതികളാണ് ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണത്തിലാണ് ഇരുവരും ദര്‍ശനം നടത്തിയത്. യുവതീ പ്രവേശനം സാധ്യമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു ശേഷം ആദ്യമായിട്ടാണ് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തുന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇരുവരും മല ചവിട്ടിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്.

ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു. ശബരിമലയില്‍ യുവതികള്‍ കയറി എന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. പൊലീസ് സംരക്ഷണം കൊടുക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇത്തവണ തടസ്സങ്ങളില്ലാതിരുന്നതിനാല്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*