പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ല: മുഖ്യമന്ത്രി

സി.പി.ഐ.എം ഓഫീസുകള്‍ റെയ്ഡ് ചെയ്ത വിഷയത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണിതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം ചില സ്ഥാപിതതാല്‍പ്പര്യക്കാരിലുണ്ട്. അത്തരം ശ്രമങ്ങളില്‍ ചിലര്‍ പെട്ടുപോകുന്നു. അതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള റെയ്ഡിനേയും കാണുന്നത്. റെയ്ഡിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ പരാതി ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി അന്വേഷണം നടത്താന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്‍കുന്ന പരാതി പരിഗണിക്കുകയെന്നത് ജനാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡ് നടത്തിയിട്ട് ഒരു പ്രതിയെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസുമായി ബന്ധപ്പെട്ട ഒരു പ്രതിയുടെ ഭാര്യയോട് ഭര്‍ത്താവ് എവിടെയെന്നു വിളിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം സി.പി.ഐ.എം ഓഫീസിലുണ്ട് എന്ന മറുപടി ലഭിച്ചുവെന്ന വാര്‍ത്തകളെയും മുഖ്യമന്ത്രി നിഷേധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയ്ക്കുശേഷം പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പുമുണ്ടായില്ല. ജനുവരി 23ന് രാത്രി അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതെന്നാണ് കേസ്.

പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. സി.പി.ഐ.എം നേതാക്കള്‍ പൊലീസിനെ തടഞ്ഞെങ്കിലും പരിശോധന നടത്താതെ പോകില്ലെന്ന് ഡി.സി.പി നിലപാട് എടുക്കുകയായിരുന്നു. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ.

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. തൊട്ടുപിന്നാലെ ഡി.സി.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു. തുടര്‍ന്ന ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*