നാടിനെ നടുക്കിയ സൂര്യാ വധക്കേസ്, വിചാരണ 18ന് തുടങ്ങും..!!

മൂന്നുവര്‍ഷം മുമ്പ് നാടിനെ നടുക്കിയ ആറ്റിങ്ങല്‍ സൂര്യാവധക്കേസിന്റെ വിചാരണ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഈ മാസം 18ന് തുടങ്ങും. പിരപ്പന്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ്.നായരെ (25) ആറ്റിങ്ങല്‍ നഗരമദ്ധ്യത്തില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ പി.എസ്. ഷിജു (26) ആണ് പ്രതി. ദൃക്സാക്ഷികളാരുമില്ലാതിരുന്ന സംഭവത്തില്‍ വിസ്താരത്തിനായി കേസിലെ ആദ്യ നാല് സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

കൊലപാതകം നേരില്‍ കണ്ടവരാരും ഇല്ലെങ്കിലും കൃത്യത്തിന് തൊട്ടുമുമ്പ് ഇരുവരും ഒന്നിച്ചുപോകുന്നതും രക്തക്കറ പുരണ്ട വസ്ത്രങ്ങളുമായി ഷിജു ഓടി രക്ഷപ്പെടുന്നതുമുള്‍പ്പെടെ സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും മൊഴികളും നല്‍കിയവരെയാണ് അന്വേഷണസംഘം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016 ജനുവരി 27 ന് രാവിലെ 10ന് ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ ചെറിയ റോഡിലായിരുന്നു സംഭവം. ഷിജു കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു.

കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ഷിജു സൂര്യയുടെ വീട്ടിലെത്തി വിവാഹ ആലോചന നടത്തിയിരുന്നു. എന്നാല്‍ യുവതിയ്ക്ക് രക്ഷകര്‍ത്താക്കള്‍ വേറെ വിവാഹ ആലോചനകള്‍ നടത്തുന്നുവെന്ന് അറിഞ്ഞത് ഷിജുവിനെ അസ്വസ്ഥനാക്കി. ആശുപത്രിയില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന നഴ്സിന്റെ മകള്‍ക്ക് വിവാഹ സമ്മാനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ സൂര്യയെ ഷിജു ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ബസില്‍ സൂര്യക്കൊപ്പം ആറ്റിങ്ങലിലെത്തിയ ഷിജു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം ബാഗില്‍ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച്‌ തുരുതുരാ വെട്ടുകയായിരുന്നു. തലയ്ക്കും മുഖത്തും കഴുത്തിലും വെട്ടുകളേറ്റ സൂര്യ രക്തം വാര്‍ന്നൊഴുകി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

നിലവിളി കേട്ട് ഓടി വന്നവരാണ് യുവതി രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ട വിവരം പൊലീസിനെ അറിയിച്ചത്. കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഷിജുവിനെ അന്ന് വൈകുന്നേരം കൊല്ലത്തെ ഒരു ലോഡ്ജില്‍ പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചും കൈത്തണ്ടയിലെ ഞരമ്പുകള്‍ അറുത്തും ആത്മഹത്യാശ്രമം നടത്തിയ നിലയിലാണ് കണ്ടെത്തിയത്. 66 റെക്കാഡുകളും വെട്ടാനുപയോഗിച്ച കത്തിയുള്‍പ്പെടെ 63 തൊണ്ടി മുതലുകളും 52 സാക്ഷി മൊഴികളും സഹിതം 836 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതി മുമ്ബാകെ സമര്‍പ്പിച്ചത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയായിരുന്ന ചന്ദ്രശേഖരന്‍പിള്ളയാണ് കുറ്റപത്രം സമര്‍പ്പിച്ചത്..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*