ഡാന്‍സ് ബാറുകളില്‍ ഇനി വിലക്കില്ല; സിസിടിവി വേണ്ട, മദ്യം നല്‍കാം, നര്‍ത്തകിമാര്‍ക്ക് ടിപ്പും നല്‍കാം..!

മുംബൈയില്‍ ഇനിമുതല്‍ ഡാന്‍സ് ബാറുകള് സജീവമാകും. ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമത്തില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. മദ്യം നല്‍കുന്നതും ഡാന്‍സ് ചെയ്യുന്ന യുവതികള്‍ക്ക് ടിപ്പ് നല്‍കുന്നതിലുമടക്കം ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളാണ് കോടതി നീക്കിയത്. ഡാന്‍സ് ബാറില്‍ മദ്യം നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിസിടിവി ക്യാമറകളുടെ ആവശ്യമില്ല. വൈകീട്ട് 6.30 മുതല്‍ 11.30 വരെയാണ് ഡാന്‍സ് ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. നൃത്തം ചെയ്യുന്നവര്‍ക്ക് ടിപ്പ് കൊടുക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞ് നല്‍കുന്ന രീതി വേണ്ടെന്നാണ് കോടതിയുടെ നിലപാട്.

സര്‍ക്കാര്‍ നടപ്പിലാക്കിയ ദൂരപരിധി വ്യവസ്ഥയും സുപ്രീം കോടതി റദ്ദാക്കി. ആരാധാനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. നിയന്ത്രണങ്ങള്‍ക്ക് എതിരെ ബാര്‍ ഉടമകളും, ബാര്‍ ഡാന്‍സര്‍മാരും നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. 2016 ല്‍ ആണ് ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുളള ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഡാന്‍സ് ബാറുകളില്‍ മദ്യം നല്‍കാന്‍ പാടില്ലെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ.

11.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളൂവെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഡാന്‍സ് ബാറുകള്‍ മഹാരാഷ്ട്രയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. നേരത്തെ കേസ് പരിഗണിക്കവെ സര്‍ക്കാര്‍ സദാചാര പൊലീസിങ് നടത്തുകയാണോയെന്ന് കോടതി ചോദിച്ചിരുന്നു.  ജീവിക്കാനായി സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിലും അസ്വീകാര്യമായ മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിലും നല്ലത് ബാറുകളില്‍ നൃത്തം ചെയ്യുന്നതാണെന്ന് 2016 ല്‍ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടിരുന്നു. ഡാന്‍സ് ബാറില്‍ നിന്ന് സ്ത്രീകള്‍ വരുമാനമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഭരണഘടന അവകാശം ആണെന്നും ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*