ഇന്ത്യയോട് നാണംകെട്ട തോല്‍വി; തായ്‌ലാന്റ് പരിശീലകനെ പുറത്താക്കി..!!

എ.എഫ്.സി കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ തായ്‌ലാന്റ് പരിശീലകന്‍ മിലോവന്‍ റഹേവാച്ചിനെ മാനജ്‌മെന്റ് പുറത്താക്കി. സെര്‍ബിയക്കാരനായ റഹേവാച്ച് 2017 ഏപ്രിലിലാണ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. തായ്‌ലാന്റ് നാഷണല്‍ ടീമുമായുള്ള കരാറില്‍ നിന്ന് റഹേവാച്ചിനെ പുറത്താക്കിയെന്ന് ഫാറ്റ് പ്രസിഡന്റ് സോമ്യോട്ട് പൂപാംമോഗ് പ്രസ്താവനയില്‍ അറിയിച്ചു. അസിസ്റ്റന്റ് പരിശീലകനായ സിരിസാക് യോദ്യാര്‍ത്തായ് ആണ് പുതിയ പരിശീലകന്‍.

ടൂര്‍ണ്ണമെന്റില്‍ എ ഗ്രൂപ്പിലെ പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനസ്ഥാനത്തുള്ള തായ്‌ലാന്റിന്റെ അടുത്ത മത്സരം ബഹ്‌റിനുമായാണ്.  ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തായ്‌ലാന്റ് ഇന്ത്യയോട് പരാജയപ്പെട്ടത്. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോളിന്റെ മികവിലാണ് ഇന്ത്യ തായ്ലാന്റിനെ തകര്‍ത്തത്. മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരുള്‍ക്കൊള്ളുന്ന അബുദാബിയിലെ അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

27ാംമിനുട്ടില്‍ ഛേത്രിയാണ് ആദ്യ ഗോള്‍നേടിയത്. പെനാല്‍റ്റിബോക്സില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ മുന്നേറ്റത്തിനിടെ പന്ത് തായ് താരത്തിന്റെ കൈയില്‍ തട്ടിയപ്പോള്‍ റഫറി പെനാല്‍റ്റി വിളിക്കുകയായിരുന്നു. തുടര്‍ന്ന് കിക്കെടുത്ത ഛേത്രി ഗോള്‍ നേടുകയായിരുന്നു.  എന്നാല്‍ അധികം വൈകാതെ തന്നെ തായ്ലാന്റ് തിരിച്ചടിച്ചു. 33ാം മിനുട്ടില്‍ തീരതോണിന്റെ ഫ്രീ കിക്ക് ക്യാപ്റ്റന്‍ ഡാങ്ഡ വലയിലെത്തിച്ചു. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മറ്റു ഗോളുകള്‍ പിറന്നത്. 46ാം മിനുട്ടില്‍ ആഷിഖ് തട്ടി നല്‍കിയ പന്ത് ഛേത്രി ഗോളാക്കി. 68ാം മിനുട്ടിലാണ് മൂന്നാം ഗോള്‍ പിറന്നത്. 76ാം മിനുട്ടില്‍ ആഷിഖിന് പകരക്കാരനായെത്തിയ ജെജെ ലാല്‍പെഖുവ ഇന്ത്യയുടെ നാലാം ഗോള്‍ നേടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*