ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ണാടയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തും; ചരടുവലികള്‍ വെളിപ്പെടുത്തി ബി.ജെ.പി നേതാക്കള്‍..!!

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന സൂചനകള്‍ നല്‍കി ബി.ജെ.പി നേതാക്കള്‍. കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തിലെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അണിയറയിലെ നീക്കള്‍ വെളിപ്പെടുത്തി ബി.ജെ.പി നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിച്ച് അധികാരത്തിലെത്താനാണ് ബി.ജെ.പിയുടെ നീക്കമെങ്കിലും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തങ്ങള്‍ വിചാരിച്ച പ്രകാരം കാര്യങ്ങള്‍ നടന്നാല്‍ മകരസങ്ക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ പുതിയ സര്‍ക്കാരായിരിക്കും അധികാരത്തിലിരിക്കുകയെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത മുതിര്‍ന്ന ബി.ജെ.പി നേതാവ് അറിയിച്ചതായി ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും ഒരുമിച്ച് മത്സരിക്കുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. കര്‍ണാടകയില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. കാരണം അങ്ങനെയെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഒരു തവണ അവര്‍ പരാജയപ്പെട്ടാല്‍( ജെ.ഡി.എസ്) ഒന്നുകില്‍ തനിച്ച് നീങ്ങാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടും. അല്ലെങ്കില്‍ എന്‍.ഡി.എയ്‌ക്കൊപ്പം ചേരേണ്ടിവരും. കോണ്‍ഗ്രസ് ഇപ്പോള്‍ അധ:പതനത്തിന്റെ പാതയിലാണ്. അതുകൊണ്ടാണ് ഞങ്ങളുടെ നേതാക്കള്‍ ഈ അവസാന നിമിഷം പോലും ഇത്രയേറെ പരിശ്രമിക്കുന്നത്- മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ എം.എല്‍.എ രമേശ് ജര്‍ഗിഹോലിയുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ തന്നെ മറ്റ് ചില എം.എല്‍.എമാരുടെ പിന്തുണ തേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിലെ 10 എം.എല്‍.എമാരെ ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ അതൊന്നും നടക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. 30 കോടി രൂപയാണ് ബി.ജെ.പി ഓരോ എം.എല്‍.മാര്‍ക്കും ഓഫര്‍ ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണ്ണാടകയിലെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത തള്ളി കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു.

മുംബൈയിലേക്ക് പോകുന്നതിനെക്കുറിച്ച് എം.എല്‍.എമാര്‍ തന്നെ അറിയിച്ചിരുന്നുവെന്നും അവരുമായി താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ‘മൂന്ന് എം.എല്‍.എമാരും നിരന്തരം എന്നോട് സംവദിക്കുന്നുണ്ട്. എന്നോട് പറഞ്ഞതിന് ശേഷമാണ് അവര്‍ മുംബൈയിലേക്ക് പോയത്. സര്‍ക്കാറിന് നിലവില്‍ ഭീഷണിയൊന്നുമില്ല. ആരെയൊക്കെയാണ് ബി.ജെ.പി ബന്ധപ്പെടുന്നതെന്നും എന്തൊക്കെ വാഗ്ദാനങ്ങളാണ് അവര്‍ നല്‍കുന്നത് എന്നതിനെക്കുറിച്ചും എനിക്ക് ധാരണയുണ്ട്. ഇത് കൈകാര്യം ചെയ്യാന്‍ എനിക്കറിയാം, മാധ്യമങ്ങള്‍ എന്തിനാണ് അതിനെക്കുറിച്ച് ആശങ്കാകുലരാകുന്നത്’- സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞു കൊണ്ട് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി ”ഓപ്പറേഷന്‍ ലോട്ടസ്” ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മുംബൈയിലെ ഹോട്ടലില്‍ ഉണ്ടെന്നും കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*