ബ്ലാസ്റ്റേഴ്‌സില്‍ വന്‍ അഴിച്ചുപണി; ജിംഗാനും അനസും വിനീതും പുറത്തേക്ക്..?

ഐ.എസ്.എല്‍ അഞ്ചാം സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ പ്രധാനതാരങ്ങളെ കൈവിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍, സി.കെ വിനീത്, അനസ് എടത്തൊടിക, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ മറ്റു ടീമുകളിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വായ്പാടിസ്ഥാനത്തിലാണ് ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കുന്നത്. വിനീതും ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ എഫ്.സിയിലേക്കാണ് പോകുന്നത്.

അനസ് എടത്തൊടിക പുനെ സിറ്റിയിലേക്കും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ അത്‌ലറ്റികോ കൊല്‍ക്കത്തയിലേക്കും മാറും. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് താരങ്ങളെ കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്.  നേരത്തെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇവരുടെ കൈമാറ്റം നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സീസണിലെ നിരാശാജനകമായ പ്രകടനങ്ങളെ തുടര്‍ന്ന് ആരാധകരും ടീമിനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കൊച്ചി സ്റ്റേഡിയത്തില്‍ കളി കാണാനെത്തുന്ന കാണികളുടെ എണ്ണത്തിലും വലിയ കുറവ് നേരിട്ടു.  തുടര്‍ച്ചയായി അഞ്ചാം സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് ക്യാപ്റ്റന്‍ ജിംഗാന്‍. കഴിഞ്ഞ സീസണില്‍ എ.ടി.കെ മികച്ച ഓഫറുമായി സമീപിച്ചിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം നില്‍ക്കാനായിരുന്നു താരത്തിന്റെ തീരുമാനം. ബ്ലാസ്റ്റേഴ്സിലെത്തി ഒരു സീസണ്‍ പൂര്‍ത്തിയാക്കും മുമ്പാണ് അനസിനും ടീം വിടേണ്ടി വരുന്നത്.

ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസും രാജിവെച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*