ഭരത് ഗോപി ഓര്‍മ്മയായിട്ട് 11 വര്‍ഷം..!!

അതുല്യ നടന്‍ ഭരത് ഗോപി നമ്മെവിട്ടുപിരിഞ്ഞിട്ട് 11 വര്‍ഷം. മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ മഹാപ്രതിഭയായിരുന്നു വി. ഗോപിനാഥന്‍ നായര്‍ എന്ന ഭരത് ഗോപി. കൊടിയേറ്റം, ഓര്‍മ്മയ്ക്കായ്, യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, ചിദംബരം, അക്കരെ തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ജീവിക്കുന്ന ഗോപി അടി മുതല്‍ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാളസിനിമയിലെ അഭിനേതാക്കളില്‍ എക്കാലവും വേറിട്ടു നില്‍ക്കുന്ന പ്രതിഭയാണ്.

കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെയും പാര്‍വതിയമ്മയുടെയും നാലു മക്കളില്‍ ഇളയവനായി ചിറയിന്‍കീഴില്‍ ജനിച്ച ഗോപിനാഥന്‍ വേലായുധന്‍ നായരാണ് പിന്നീട് മലയാളത്തിലെ അതുല്യ നടനായ ഭരത് ഗോപിയായി വളര്‍ന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി എസ് സി ബിരുദം നേടിയ അദ്ദേഹം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നപ്പോഴാണ് നാടകത്തിലെത്തിപ്പെടുന്നത്.

1972 ല്‍ പുറത്തിറങ്ങിയ അടൂര്‍ ചിത്രം സ്വയംവരത്തില്‍ തൊഴില്‍രഹിതന്റെ വേഷത്തിലൂടെയാണ് ഭരത് ഗോപി സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു ഗോപി. 1975-ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചു. പിന്നീട് 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി.

1985-ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. ആഖാത്, സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986- ൽ ഗോപി പക്ഷാഘാതം വന്ന് തളർന്നു പോയി. പക്ഷാഘാതത്തെത്തുടർന്ന്‌ കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം ‘പാഥേയം’ എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്‌ നടത്തിയത്‌.

2006 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം രസതന്ത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തില്‍ ഭരത് ഗോപി അഭിനയിച്ചു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2008 ജനുവരി 24 ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഭരത് ഗോപിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 29 ന് 71-ാം വയസ്സില്‍ ഭരത് ഗോപിയെ മലയാള സിനിമയ്ക്ക് നഷ്ടമായി. 1991 ല്‍ രാജ്യം ഭരത് ഗോപിയെ പത്മശ്രീ നല്‍കി ആദരിച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*