തിരുവനന്തപുരം വിമാനത്താവളം വില്‍പ്പനയ്ക്ക്; ടെന്‍ഡര്‍ ക്ഷണിച്ച് കേന്ദ്രം…!!

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വില്‍പ്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഞായറാഴ്ചയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. 2019 ഫെബ്രുവരി 19നു മുമ്പ് ഓണ്‍ലൈന്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കണം. രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വില്‍പ്പന വിഭാഗത്തിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ഉള്‍പ്പെടുത്തിയത്.

കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിയുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ തള്ളിയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ 635 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ മുതല്‍മുടക്ക് 1000 കോടിയിലേറെ രൂപയാണ്.

നേരത്തെ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമുണ്ടായപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ സ്വകാര്യപങ്കാളിത്തം ഉണ്ടാകുകയാണെങ്കില്‍ കൂടിയാലോചിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. അതും ലംഘിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.

മല്‍സര ടെന്‍ഡറില്‍ പങ്കെടുത്ത് വിമാനത്താവളം വാങ്ങാവുന്നതാണെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കേരളത്തോട് നിര്‍ദേശിച്ചത്. സംസ്ഥാനത്തിന് നേരിട്ട് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ തടസ്സമുള്ളതിനാല്‍ കേരളത്തിനുവേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*