പിരിച്ചുവിടല്‍ ;സംസ്ഥാനത്ത് ഇന്നലെ മുടങ്ങിയത് 815 കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍..!!

താത്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ കാരണം സംസ്ഥാനത്ത് ഇന്നലെ മുടങ്ങിയത് 815 സര്‍വ്വീസുകള്‍. തിരുവനന്തപുരം മേഖലയില്‍ 300 സര്‍വ്വീസും എറണാകുളം മേഖലയില്‍ 360 സര്‍വീസും, മലബാര്‍ മേഖലയില്‍ 155 സര്‍വ്വീസും മുടങ്ങി.

ഇതിനിടെ കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലികജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്നലെ മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും കര്‍ശനനിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

വെറുതേ സമയം നീട്ടിക്കൊണ്ടുപോവുകയാണോ എന്നാണ് കോടതി കെഎസ്‌ആര്‍ടിസിയോട് ചോദിച്ചത്. പിഎസ്‌സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ഇനി നടപടി വൈകിയാല്‍ കെഎസ്‌ആര്‍ടിസിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്‌ആര്‍ടിസി അറിയിച്ചു. അത് പോരെന്നും കെഎസ്‌ആര്‍ടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*