പണം മുഴുവനും തിരിച്ചടക്കാന്‍ തയ്യാറാണ്; ദയവായി സ്വീകരിക്കൂ: വിജയ് മല്ല്യ..!!

ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നും വിജയ് മല്ല്യ. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് വഴങ്ങാന്‍ തയ്യാറാണെന്ന നിലപാടുമായി മല്ല്യ രംഗത്തുവന്നിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മൂന്നു ട്വീറ്റുകളിലൂടെയാണ് മല്ല്യ പണം തിരിച്ചടക്കാമെന്ന് വ്യക്തമാക്കുന്നത്.

‘എന്നെ കൈമാറുന്നതിനെ കുറിച്ച് മാധ്യമങ്ങളില്‍ കാണുന്നുണ്ട്. അത് വേറെ വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. ഏറ്റവും പ്രധാനം പൊതു പണമാണ്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്താണെന്നും’ മല്ല്യ ട്വിറ്ററില്‍ ചോദിക്കുന്നു. ‘വ്യോമയാന ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് കിങ്ഫിഷര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വിലയെത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്, അത് സ്വീകരിക്കണം’-മല്ല്യ ട്വിറ്ററില്‍ പറയുന്നു.

‘ഏവിയേഷന്‍ ടര്‍ബിന്‍ എണ്ണയുടെ വില കൂടിയതോടെയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി സാമ്പത്തികമായി നഷ്ടത്തിലായത്. ബാങ്കില്‍ നിന്നെടുത്ത പണം മുഴുവന്‍ നഷ്ടമായി. 100 ശതമാനം പണം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതാണ്. ദയവ് ചെയ്ത് സ്വീകരിക്കൂ’-മല്ല്യ ട്വീറ്റ് ചെയ്തു. ‘ബാങ്കിലെ പണം തിരിച്ചടക്കാതെ താന്‍ കടന്നുകളഞ്ഞുവെന്നാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വിളിച്ചു പറയുന്നത്. ഇത് കളവാണ്. എന്ത് കൊണ്ട് കര്‍ണാടക ഹൈക്കോടതിക്ക് മുമ്പിലുള്ള തന്റെ ഒത്തുതീര്‍പ്പ് വാഗ്ദാനം ചര്‍ച്ചയാകുന്നില്ലെന്നും’ മല്ല്യ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു.

മല്ല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 41 ലക്ഷം ഇക്വിറ്റി ഓഹരികള്‍ വാങ്ങരുതെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മല്ല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കടം തിരിച്ച് പിടിക്കുന്നതിനുള്ള ട്രിബ്യൂണല്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതുകൂടാതെ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ചുവെന്ന കേസില്‍ മല്ല്യയുടെ ബംഗളൂരുവിലെ സ്വത്ത് കണ്ടുകെട്ടാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിന് നടപടി തുടങ്ങിയതോടെ 2016 മാര്‍ച്ചിലാണ് ബാങ്കുകള്‍ പറ്റിച്ചു മല്ല്യ രാജ്യം വിട്ടത് കഴിഞ്ഞ ഫെബ്രുവരിയില്‍ മല്ല്യയെ കൈമാറണമെന്ന് ലണ്ടന്‍ അധികാരികളോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ വിചാരണക്കായി മല്ല്യയെ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*