മകളെ പീഡിപ്പിച്ച കേസ് : 10 വര്‍ഷം ജയിലില്‍ കഴിഞ്ഞ പിതാവ് മരണ ശേഷം കുറ്റവിമുക്തനെന്ന് തെളിഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് 10 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പിതാവ് കുറ്റവിമുക്തനെന്ന കോടതി വിധി വന്നത് കുറ്റാരോപിതന്‍റെ മരണശേഷം. ഭാര്യ നല്‍കിയ അപ്പീലിലാണ് കോടതി വിധി. കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വ്വമല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്. 17 വര്‍ഷം മുന്‍പ് മകള്‍ നല്‍കിയ കേസിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ. 1991 മുതല്‍ പിതാവ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു മകളുടെ ആരോപണം. 1996 ജനുവരിയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുന്നത്.

പെണ്‍കുട്ടി പരാതി നല്‍കും മുന്‍പ്, മകളെ ഒരു ചെറുപ്പക്കാരന്‍ തട്ടിക്കൊണ്ട് പോയതായി പിതാവ് നല്‍കിയ പരാതി അന്വേഷിക്കാതിരുന്ന പൊലിസ് മകളുടെ പരാതിയില്‍ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മകളെ ആരോ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് കേസിന്റെ വിചാരണയില്‍ ആദ്യം മുതല്‍ തന്നെ പിതാവ് കരഞ്ഞ് പറഞ്ഞ കാര്യം ജസ്റ്റിസ് ആര്‍ കെ ഗൗബ ചൂണ്ടിക്കാണിച്ചു. എന്നാല്‍ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇതിനെക്കുറിച്ച്‌ അന്വേഷണമുണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതിനെയും കോടതി കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആണ്‍കുട്ടിയെക്കുറിച്ച്‌ അന്വേഷണം നടത്തിയിട്ടില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പത്ത് വര്‍ഷത്തോളമായി തടവ് ശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് വേണ്ടി ഭാര്യ നല്‍കിയ അപ്പീലിലാണ് കോടതിവിധി പിതാവിന് അനുകൂലമായി വന്നത്. എന്നാല്‍ പിതാവ് മരിച്ച്‌ 10 മാസം കഴിഞ്ഞാണ് കുറ്റവിമുക്തനാണെന്ന് വിധി വന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*