ടി-20യില്‍ തന്റെ അവസാന ലോകകപ്പായിരിക്കും വിന്ഡീസിലേതെന്ന് സൂപ്പര്‍താരം മിതാലി രാജ്. പുത്തന്‍ താരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കാന്‍ സമയമായെന്നും മിതാലി രാജ് പറഞ്ഞു. ഇന്ത്യന്‍ ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. എന്റെ രാജ്യത്തെ പ്രതിനീധീകരിക്കാനും പ്രചോദിപ്പിക്കാനും എനിയ്ക്ക് സാധിച്ചിട്ടുണ്ട്. ‘ ഇന്നലെ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശേഷം മിതാലി പറഞ്ഞു.
ഒരു സമയം കഴിഞ്ഞാല്‍ നമ്മള് പിന്‍വാങ്ങേണ്ടി വരും. അപ്പോള്‍ നമ്മള് മികച്ച ഫോമിലാണോ അല്ലയോ എന്നുള്ളതൊന്നും പ്രസക്തമല്ല. ടീമിനെക്കുറിച്ച് മാത്രമാണ് ആലോചിക്കേണ്ടത്. ഇതാണ് മികച്ച സമയമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ ടീം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. ടി-20 ഫോര്‍മാറ്റില്‍ വിന്‍ഡീസ് ലോകകപ്പ് എന്റെ അവസാനത്തേതായിരിക്കും.
ഇന്നലെ നടന്ന മത്സരത്തില്‍ മിതാലിയുടെ മികവിലാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. അര്‍ധസെഞ്ച്വറി നേടിയ മിതാലി ഇന്ത്യയ്ക്ക് വിജയമുറപ്പിച്ച ശേഷമാണ് പുറത്തായത്. ന്യുസീലന്‍ഡിനേയും പാക്കിസ്ഥാനേയും തകര്‍ത്ത ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അയര്‍ലന്‍ഡിനെതിരെ പതിനഞ്ചാം തീയതിയാണ് ഇന്ത്യയുടെ അടുത്ത മത്സരം.