വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടങ്ങള്‍ താഴെവീഴും, അന്തിമവിജയം നീതിമാന്മാരുടേത്; ‘സര്‍ക്കാറി’ന് പിന്തുണയുമായി കമല്‍ഹാസന്‍..!!

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ സര്‍ക്കാരിനെതിരേ എ.ഐ.എഡി.എം.കെ നടത്തുന്ന പ്രചരണങ്ങളെ വിമര്‍ശിച്ച് കമല്‍ഹാസന്‍. എ.ഐ.എഡി.എം.കെ സര്‍ക്കാര്‍ ഒരു സിനിമയ്ക്കെതിരേ ഇത്തരത്തില്‍ തിരിയുന്നത് ആദ്യമല്ലെന്നും വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടങ്ങള്‍ താഴെവീഴുമെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. ‘റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യ സംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കും’- കമല്‍ ട്വിറ്ററില്‍ കുറിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എഡി.എം.കെ ‘സര്‍ക്കാരി’നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എ.ഐ.എഡി.എം.കെ നേതാക്കള്‍ ആരോപിച്ചിരുന്നു. ചിത്രത്തില്‍ നിന്നും വിവാദപരമായ രംഗങ്ങള്‍ ഒഴിവാക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടിയുടെ ചില മന്ത്രിമാര്‍ നേരത്തേ പറഞ്ഞിരുന്നു. വിജയ് ഒരു നക്സലൈറ്റ് ആണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണെന്നും തമിഴ്നാട് നിയമ മന്ത്രി സി വി ഷണ്‍മുഖന്‍ പറഞ്ഞിരുന്നു.

അധിക്ഷേപകരമായ സീനുകള്‍ വെട്ടിമാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂര്‍ സി രാജ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞിരുന്നു. ചിത്രത്തില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ വിജയ്‌ക്കെതിരേയും സംവിധായകന്‍ എ ആര്‍ മുരുഗദോസിനെതിരേയും നിര്‍മ്മാതാവിനെതിരേയും ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ വിജയ് സിഗരറ്റ് വലിക്കുന്ന ഫോട്ടോ നല്‍കിയിരുന്നു.

രണ്ട് ദിവസം കൊണ്ട് 100 കോടിയാണ് സര്‍ക്കാര്‍ നേടിയ കളക്ഷന്‍. റിലീസ് ദിവസം തന്നെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 32 കോടി യിലധികം സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് മാത്രമായി 2.37 കോടി രൂപയും സ്വന്തമാക്കി. രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ ചിത്രം ചെന്നൈയില്‍ നിന്ന് മൊത്തം 4.69 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. 2017ല്‍ വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തിനെതിരേയും വിവാദം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ജി.എസ്.ടി, നോട്ട് നിരോധനം ഡിജിറ്റല്‍ ഇന്ത്യ ക്യാംപയിന്‍ എന്നിവയെ വിമര്‍ശിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*