ബാലഭാസ്‌കര്‍ തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്തിന്? ; മരണത്തില്‍ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രിക്ക് കുടുംബത്തിന്റെ പരാതി.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന സംശയമുണ്ട്.

ഇതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പൊലീസിന് വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിരുന്നത്.

അതിനാല്‍ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യവും മൊഴികളിലെ വൈരുദ്ധ്യവുമാണ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയ്ക്ക് കാരണമായത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒക്‌ടോബർ രണ്ടിനാണ് ബാലഭാസ്‌കർ അന്തരിച്ചത്. ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാംപ് ജംക്ഷന് സമീപം സെപ്‌തംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജുനും ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം, സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ കുടുംബം പരാതി നല്‍കിയെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ മംഗലപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*