ശബരിമല;തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ ഇടപെടുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍..!!

ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയിലെ ഇടപെടല്‍ സുരക്ഷാ കാര്യങ്ങളില്‍ മാത്രമായിരിക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മതപരമോ ആചാരപരമോ ആയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല.

സുഗമമായ തീര്‍ഥാടന കാലം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തും. ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നാനാ ജാതി-മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും അതാണ് ശബരിമലയുടെ പാരമ്പര്യമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ഹരജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഒന്ന്. ശബരിമലയുടെയും ദേവസ്വം ബോര്‍ഡിന്റെയും കാര്യങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ടുള്ളതാണ് മറ്റൊരു ഹര്‍ജി. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*