ശബരിമല: പോലിസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി..!!

ശബരിമലയിലും സന്നിധാനത്തും പോലിസ് സ്വീകരിച്ച നടപടികളെ പിന്തുണച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഘട്ടത്തിലാണ് പോലിസ് ഇടപെട്ടതെന്നും എല്ലാ നിയന്ത്രണങ്ങളും മറികടന്നപ്പോഴുണ്ടായ അറസ്റ്റ് സ്വാഭാവികമാണെന്നും പോലിസ് നടപടി മാതൃകാപരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്തിയല്ല, സമരക്കാരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായതാണ്.

ഭക്തര്‍ക്കു നല്ലരീതിയില്‍ ദര്‍ശനം സാധ്യമാക്കാനാണ് പോലിസ് ഇടപെട്ടത്. അതിനു തടസ്സമുണ്ടാക്കുന്നവരെ കണ്ടില്ലെന്നു നടിക്കാന്‍ പോലിസിനാവില്ല. ഇതുവരെ അറസ്റ്റിലായവരെല്ലാം വ്രതമെടുത്ത് എത്തിയ ഭക്തരല്ലെന്ന് നാടിനാകെ അറിയാം. വന്‍ ഗൂഢപദ്ധതിയാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമല പിടിച്ചടക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് സര്‍ക്കുലറിലൂടെ പുറത്തായത്. കര്‍സേവകരായാണ് ആര്‍എസ്എസുകാര്‍ എത്തിയത്. വനത്തിലൂടെയാണ് പല ആര്‍എസ്എസ് നേതാക്കളുമെത്തിയത്. ശബരിമലയെ കൈപിടിയിലൊതുക്കുകയാണു ലക്ഷ്യം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ വരെ ആക്രമിക്കപ്പെട്ടു. ശ്രീധരന്‍ പിള്ള തന്നെ പച്ചയായി പറഞ്ഞിട്ടുണ്ട് ഇത് സ്ത്രീപ്രവേശനത്തിനെതിരേയുള്ള സമരമല്ല, കമ്മ്യൂണിസ്റ്റുകള്‍ക്കെതിരേയാണെന്ന്.

ഒരു കാര്യമേ പറയാനുള്ളൂ. നിങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്ക് പാവപ്പെട്ട ഭക്തരെ ബലിയാടാക്കരുത്. ആശയപരമായ രാഷ്ട്രീയ ഇടപെടല്‍ എല്ലാവരും നടത്തുന്നുണ്ടല്ലോ. അതാണെങ്കില്‍ വേറെ വേദി നോക്കാം. വിശ്വാസത്തിന്റെ പ്രശ്‌നമല്ല, രാഷ്ട്രീയ താല്‍പര്യമാണ് ഇവരെ നയിക്കുന്നത്. വിശ്വാസികള്‍ ആദരവോടെ കാണുന്ന ഇരുമുടിക്കെട്ട് വരെ വലിച്ചെറിഞ്ഞു. ഇതൊന്നും ഭക്തര്‍ ചെയ്യുന്ന കാര്യമല്ലല്ലോ. പ്രക്ഷോഭത്തിനു മാത്രമായി ശബരിമലയിലെത്തുകയാണ്. 18ാം പടിയില്‍ വരെ കയറി ആചാരലംഘനം നടത്തി തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. ഹര്‍ത്താലില്‍ സാധാരണയായി അയ്യപ്പഭക്തരെ ഒഴിവാക്കാറുണ്ട്.

എന്നാല്‍ ഇവരുടെ ഹര്‍ത്താലിലെ അയ്യപ്പഭക്തരെ പലയിടത്തും തടഞ്ഞു. വലിയ തോതില്‍ വര്‍ഗീയധ്രുവീകരണത്തിനും ശ്രമിച്ചു. സംസ്ഥാനത്താകെ കലാപമാണ് ലക്ഷ്യമിട്ടത്. ഇതിനിടെ ഒരു കേന്ദ്രമന്ത്രി ശബരിമല സന്ദര്‍ശിച്ചെങ്കിലും സുപ്രിംകോടതി വിധിയെ കുറിച്ച് മിണ്ടാട്ടമുണ്ടായില്ല. വിശ്വാസത്തെ ഉപയോഗപ്പെടുത്താനാണ് ശബരിമലയെ ഉപയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേരളത്തില്‍ ബിജെപിയുമായി മല്‍സരിക്കാനാണ് എതിരഭിപ്രായം സ്വീകരിച്ചത്. തോന്നുമ്പോള്‍ തോന്നുന്നത് പറയുകയാണ് പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ ബിജെപിക്കൊപ്പമാണ് കോണ്‍ഗ്രസ്. തെറ്റായ നിലപാട് മതനിരപേക്ഷരായ പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*