പേരുമാറ്റം തുടരുന്നു: അഹമ്മദാബാദിന്റെ പേര് ‘കർണാവതി’ എന്നാക്കാൻ ഗുജറാത്ത് സർക്കാർ..?

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയാക്കിയത് പിന്നാലെ ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്ന് മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. നിയമ തടസ്സങ്ങളില്ലെങ്കില്‍ അഹമ്മദാബാദിന്റെ പേര് മാറ്റുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേൽ വ്യക്തമാക്കി.

‘അഹമ്മദാബാദിനെ കര്‍ണാവതിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിയമതടസ്സങ്ങള്‍ മറികടക്കാനാവശ്യമായ പിന്തുണകള്‍ ലഭിച്ചാല്‍ പേരുമാറ്റാന്‍ ഞങ്ങളെപ്പോഴും ഒരുക്കമാണ്’ – നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുയോജ്യമായ സമയം എത്തുന്ന ഘട്ടത്തില്‍ പേര് മാറ്റുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ നീക്കം  സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മ്മാണം പോലെ ഹിന്ദു വോട്ട്  ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക പൈതൃക പദവിയുള്ള ഇന്ത്യയിലെ ഒരേ ഒരു നഗരമാണ് അഹമ്മദാബാദ്. പുരാതന കാലത്ത് ആശാവല്‍ അഥവാ ആശപ്പിള്ളി എന്നായിരുന്നു അഹമ്മദാബാദ് പ്രദേശം അറിയപ്പെട്ടിരുന്നത്. പിന്നീട് ആശാവല്‍ ഭരിച്ചിരുന്ന ഭീൽ എന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ആസ്വാൾ രാജാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ് കര്‍ണയാണ് സബര്‍മതി നദിയുടെ തീരത്ത് കര്‍ണാവതി നഗരം സ്ഥാപിച്ചത്. പിന്നീട് 1411 ല്‍ കര്‍ണാവതിക്ക് സമീപം മറ്റൊരു നഗരം സ്ഥാപിച്ച സുല്‍ത്താന്‍ അഹമ്മദ് ഷാ ഈ നഗരത്തിന് അഹമ്മദാബാദ് എന്ന് പേര് നല്‍കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*