‘ഞങ്ങള്‍ക്ക് വേണ്ടത് അയോധ്യയല്ല, കടമില്ലാത്ത ജീവിതമാണ്’; പാര്‍ലമെന്റിലേക്ക് കര്‍ഷക മാര്‍ച്ച്..!!

‘ഞങ്ങള്‍ക്ക് വേണ്ടത് അയോധ്യയല്ല, കടമില്ലാത്ത ജീവിതമാണ്’; പാര്‍ലമെന്റിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ ഉയര്‍ന്നു കേട്ട പ്രധാനമുദ്രാവാക്യമാണിത്. കടം കയറി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം ചേരണം എന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചുള്ള കര്‍ഷക മാര്‍ച്ച്. ഒരു ലക്ഷത്തിലധികം കര്‍ഷകരാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പൊലീസ് സര്‍വ്വ സന്നാഹങ്ങളുമായി സ്ഥലത്തുണ്ട്.

ഡല്‍ഹിയിലെ നാല് അതിര്‍ത്തികളില്‍ നിന്നായാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ഗുരുഗ്രാം, നിസ്സാമുദ്ദീന്‍, ആനന്ദ് വിഹാര്‍, മജ്‌നു കാ തില എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ചുകള്‍. ഇന്നലെ വൈകീട്ടോടെ രാംലീല മൈതാനിയില്‍ എത്തിയ റാലികള്‍, ഒരുമിച്ച് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. രാംലീല മൈതാനിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ കര്‍ഷകര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ‘ഞങ്ങള്‍ക്ക് അയോധ്യ അല്ല വേണ്ടത്, കടം എഴുതി തളളുകയാണ് വേണ്ടത്’ എന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് ഇന്നലെ കര്‍ഷകരെത്തിയത്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരുകൂട്ടം കര്‍ഷകര്‍, തങ്ങളുടെ ആത്മഹത്യ ചെയ്ത കര്‍ഷ സുഹൃത്തുക്കളുടെ തലയോട്ടികളുമായാണ് റാലിയില്‍ പങ്കെടുത്തത്. തങ്ങളെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ തടഞ്ഞാല്‍ നഗ്‌നരായി പ്രതിഷേധിക്കും എന്നാണിവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് എഐകെഎസ്സിസിക്ക് രൂപം നല്‍കിയത്. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമനിര്‍മാണങ്ങള്‍ നടത്തണമെന്നും അതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നുമാണ് പ്രക്ഷോഭത്തില്‍ പ്രധാനമായും ആവശ്യപ്പെടുന്നതെന്ന് എഐകെഎസ്സിസി കണ്‍വീനര്‍ കിസാന്‍സഭ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍ അറിയിച്ചു. കാര്‍ഷിക കടക്കെണിയില്‍ നിന്നുള്ള മോചന നിയമം, എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ന്യായമായ താങ്ങുവില അവകാശമാക്കല്‍ നിയമം എന്നിവ പാസാക്കണമെന്നാണ് ആവശ്യം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*