മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി ; തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം..!!

റിസര്‍വ് വനത്തില്‍ മണ്ണിടുന്നതിനെ എതിര്‍ത്ത ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം. നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ അനുമതി നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ നടപടിയുമില്ല. കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സിനിമാ ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കിയത്. മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ചിത്രീകരണ ആവശ്യത്തിനായി മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെ വനംവകുപ്പ് വീണ്ടും സിനിമയുടെ ചിത്രീകരണം അനുവദിക്കുകയായിരുന്നു. റസര്‍വ് വനത്തില്‍ മണ്ണിടാനുള്ള അനുമതി നല്‍കിയ നടപടിയെ എതിര്‍ത്ത റേഞ്ച് ഓഫീസര്‍ അനില്‍കുമാറിനെ അട്ടപ്പാടിക്ക് സ്ഥലം മാറ്റിയതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ട്. നിലവില്‍ സ്ഥലംമാറ്റിയ നടപടി കേരള അഡ്മിനിസ്ട്രീറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞിരിക്കുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ യുടെ ചിത്രീകരണം പാര്‍ത്ഥക്കൊച്ചി റിസര്‍വ് വനത്തില്‍ തുടരുകയാണ്. ഛത്തീസ്ഗഡ് വനങ്ങളിലെ മാവോയിസ്റ്റ് മേഖലകളാണ് പാര്‍ഥക്കൊച്ചിയില്‍ ചിത്രീകരിക്കുന്നത്.

ചിത്രീകരണത്തിനായി സപ്തംബര്‍ മാസത്തില്‍ ഡിഎഫ്ഒയുടെ സമക്ഷം അനുമതി തേടി. ഉപാധികളോടെ സിനിമ ചിത്രീകരത്തിന് അനുമതി നല്‍കാന്‍ ഡിഎഫഒക്ക് അധികാരമുണ്ട്. ഇതനുസരിച്ച് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാലോ, അഞ്ചോ ലോഡ് മണ്ണ് വനത്തിലിറിക്കിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട റേഞ്ച് ഓഫീസര്‍ ആയിരുന്ന അനില്‍ കുമാര്‍ മണ്ണിറക്കുന്നത് നിര്‍ത്തി വപ്പിച്ചു. എന്നാല്‍ പിന്നീട് തനിക്ക് മുകളില്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയനായ അനില്‍കുമാര്‍ പറയുന്നു. ഇത് പ്രശ്‌നമായതോടെ മണ്ണിടുന്നതിന് ഡിഎഫ്ഒ പ്രത്യേക ഉത്തരവ് നല്‍കി. പരിധികള്‍ പോലും നിശ്ചയിക്കാതെ നല്‍കിയ ഉത്തരവ് പ്രകാരം വനത്തിലേക്ക് അറുപത് ലോഡ് മണ്ണ് കടത്തി. എന്നാല്‍ പിന്നീട് മഴ പെയ്ത സാഹചര്യത്തില്‍ മണ്ണ് അടിഞ്ഞുകൂടി വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് കണ്ട് അനില്‍കുമാര്‍ വീണ്ടും മണ്ണിറക്കുന്നത് നിര്‍ത്തിവപ്പിച്ചു.

പാറകള്‍ക്ക് മുകളില്‍ മണ്ണ് നിരത്തി വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പാകത്തില്‍ റോഡ് നിര്‍മ്മിക്കുകയും ചെയ്തു. അതോടെ സംഭവം മാധ്യങ്ങളില്‍ വാര്‍ത്തയാവുകയും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവപ്പിക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. പ്രഥമദൃഷ്ട്യാ നിയമലംഘനം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മണ്ണിടാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് വിശദീകരണവും ആവശ്യപ്പെട്ടു. പിന്നീട് ചിത്രീകരണം നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ ചിത്രീകരണം ഉപാധികളോടെ തുടരാന്‍ വനംവകുപ്പ് ഉത്തരവ് നല്‍കി. ഒക്ടോബര്‍ പത്തിനാണ് അനുമതിയും അനുബന്ധ ലൈസന്‍സുകളും റദ്ദാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം പ്രദീപ് കുമാര്‍ നല്‍കുന്നത്.

ഒക്ടോബര്‍ പത്തിനായിരുന്നു ഇത്. എന്നാല്‍ പിന്നീട് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്ടോബര്‍ 25ന് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കി ഉത്തരവിറക്കി. തുടര്‍ന്നാണ് അനില്‍കുമാറിനെതിരെയുള്ള നടപടി. കാസര്‍കോഡ് റേഞ്ച് ഓഫീസറായി ചുമതലയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാവുന്നതിനിടെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് നല്‍കി. വനനിയമ പ്രകാരം പുറത്ത് നിന്ന് വനത്തിലേക്ക് മണ്ണ് കടത്താനോ നിക്ഷേപിക്കാനോ ആവില്ല. വനത്തിന്റെ സ്വാഭാവിക പ്രകൃതിക്ക് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടാക്കില്ല എന്ന ഉറപ്പില്‍ വേണം സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കാന്‍. എന്നാല്‍ മണ്ണിട്ട റോഡ് വെട്ടിയും, മണ്ണ് നിരത്തിയും വനത്തിന്റെ നിലനില്‍ക്കുന്ന പ്രകൃതിയില്‍ മാറ്റം വരുത്തിയതായാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*