ഭക്ഷ്യ വിഷബാധ: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ 11 കുട്ടികള്‍ ആശുപത്രിയില്‍

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലിലെ 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷയത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ഹൈസ്‌കുളിന്റെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് സ്‌കൂളുമായി ബന്ധപ്പെട്ട് 800 പേരോളം ഭക്ഷണം കഴിച്ചിട്ടുണ്ട്. സ്‌കൂളിലെ അന്തരിച്ച മുന്‍ ഹെഡ്മാസ്റ്ററുടെ സ്മരണാര്‍ഥം കുട്ടികള്‍ക്ക് ബിരിയാണി നല്‍കിയിരുന്നു.

ഇത് കഴിച്ച കുട്ടികളില്‍ 11 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികളാണ്. പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കഠിനമായ പരിശീലനങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. പരിശീലനത്തിന് ശേഷമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇതായിരിക്കാം അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് കരുതുന്നത്. കഠിനമായ പരിശീലനത്തിന് ശേഷം ഇത്തരത്തില്‍ ഭക്ഷണം കഴിച്ചതും തുടര്‍ന്ന് മതിയായ അളവില്‍ വെള്ളം കുടിക്കാത്തതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഭക്ഷണം കഴിച്ച് വന്നതുമുതല്‍ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടും ഇന്ന് രാവിലെയുമായാണ് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അസ്വസ്ഥത പ്രകടിപ്പിച്ചവരെ സ്പോര്‍ട്സ് സ്‌കൂളിന്റെ ഹോസ്റ്റലിന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ മറ്റുകുട്ടികള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയും ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*