ആകാശത്ത് കൃത്രിമ ചന്ദ്രന്മാരെ അണിനിരത്താനുള്ള ചൈനീസ് നീക്കം പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന്….

തെരുവുവിളക്കുകള്‍ക്ക് പകരമായി കൃത്രിമ ചന്ദ്രനെ സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കം ലോകത്തിന് കടുത്ത ആശങ്ക. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ചെങ്ടു നഗരത്തിന് രാത്രിയിലും പ്രകാശം പരത്താന്‍ ഒരു ചന്ദ്രനെ നിര്‍മിക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. വൈദ്യുതി ലാഭിക്കുന്നതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. അതേസമയം, ഈ പദ്ധതി പ്രാവര്‍ത്തികമാകുമോയെന്ന ആശങ്കയും ഇതിനോടകം നിരവധി ആളുകള്‍ പങ്കുവച്ചു കഴിഞ്ഞു. 2020 ആകുമ്പോഴേക്കും ആകാശത്ത് കൃത്രിമ ചന്ദ്രന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൃത്രിമ ചന്ദ്രന്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പ്രധാനമായും വിമര്‍ശകര്‍ എടുത്തകാണിക്കുന്നത്. എന്നാല്‍ പ്രതിവര്‍ഷം ചെങ്ടു പ്രാദേശിക സര്‍ക്കാരിന് വൈദ്യുതി വകയില്‍ മാത്രം പ്രതിവര്‍ഷം 17.3 കോടി ഡോളര്‍ ലാഭമാണ് കൃത്രിമ ചന്ദ്രന്‍ ഉണ്ടാക്കിക്കൊടുക്കുകയാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ചൈനീസ് ബഹിരാകാശ വ്യവസായിയായ വു ചുങ്‌ഫെങ് ഒക്ടോബര്‍ പത്തിനാണ് കൃത്രിമ ചന്ദ്രനെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ചുങ്‌ഫെങിന്റെ ചുങ്ടു എയറോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്പനി ചൈനീസ് ബഹിരാകാശ പദ്ധതിക്കുവേണ്ടി കരാര്‍ ജോലികള്‍ ചെയ്യുന്നുണ്ട്.

ചുങ്‌ഫെങ് പദ്ധതിയെക്കുറിച്ച് വിശദമാക്കിയെങ്കിലും ചൈനീസ് അധികൃതരുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്ന ചന്ദ്രന്റെ രീതി തന്നെയാണ് ചൈനീസ് ചന്ദ്രനും പിന്തുടരുക. സൂര്യവെളിച്ചം ചുങ്ടുവിലേക്ക് രാത്രിയും പ്രതിഫലിപ്പിക്കുകയാണ് കൃത്രിമ ചന്ദ്രന്റെ ദൗത്യം. ഭൂമിയില്‍ നിന്നും ഏകദേശം 500 കിലോമീറ്റര്‍ ഉയരെയായിരിക്കും കൃത്രിമ ചന്ദ്രന്റെ സ്ഥാനം. രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണുള്ളത്. യഥാര്‍ഥ ചന്ദ്രന്റെ എട്ടിരട്ടി പ്രകാശമായിരിക്കും കൃത്രിമചന്ദ്രന്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുക. എങ്കിലും സാധാരണ തെരുവുവിളക്കിന്റെ അഞ്ചിലൊന്ന് വെളിച്ചം മാത്രമേ ഭൂമിയിലേക്കെത്തൂ എന്നും കരുതപ്പെടുന്നു.

ഈ ചന്ദ്രന്റെ വെളിച്ചമെത്തുന്ന ഭാഗത്തുള്ളവര്‍ക്ക് രാത്രിയില്‍ നക്ഷത്രങ്ങളെ കാണാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്ക പ്രപഞ്ചശാസ്ത്രഞ്ജര്‍ ഉന്നയിക്കുന്നു. മറ്റൊരു പ്രധാന പ്രശ്‌നം ഈ കൃത്രിമ വെളിച്ചം മറ്റു ജീവികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതാണ്. ഉദാഹരണത്തിന് ചന്ദ്രന്റെ നിലാവിനനുസരിച്ച് സഞ്ചരിക്കുന്ന കടലാമകളും പക്ഷികളുമെല്ലാം കുഴങ്ങി പോകുമെന്നും അവയുടെ നാശത്തിന് പോലും കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്.

എന്തായാലും ഇത്രയധികം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മരുഭൂമിയിലോ മറ്റോ വിശദമായ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമേ കൃത്രിമ ചന്ദ്രനെ സ്ഥാപിക്കൂ എന്നാണ് അറിയാന്‍ കഴിയുന്നത്. ഇനി പരീക്ഷണം വിജയമായാല്‍ 2022 ഓടെ മൂന്ന് ചന്ദ്രന്മാരെ കൂടി വിക്ഷേപിക്കാനും ചുന്‍ഫെങിനും കൂട്ടര്‍ക്കും പദ്ധതിയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*