രാഹുലിന്റേത് വ്യക്തിപരമായ അഭിപ്രായപ്രകടനം; ശബരിമലയില്‍ വിശദീകരണവുമായി വീണ്ടും ചെന്നിത്തല..!!

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ വീണ്ടും വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു. തന്റെ അഭിപ്രായം പാര്‍ട്ടിക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല രാഹുല്‍ ചെയ്തത്. രാഹുലിന്റെ ജനാധിപത്യ നിലപാടാണ് ഇതില്‍ വ്യക്തമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നിലപാടില്‍ ആശയക്കുഴപ്പമില്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. വിശ്വാസികള്‍ക്കൊപ്പമാണ് യു.ഡി.എഫും കോണ്‍ഗ്രസുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കേരളനേതൃത്വത്തെ തളളിപ്പറഞ്ഞതല്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും കേരളനേതൃത്വത്തിന്റെ നിലപാടുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്റെ മഹത്വമാണ് ഇത് വ്യക്തമാക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പുരുഷന്‍ പോകുന്നിടത്ത് സ്ത്രീയെയും പോകാന്‍ അനുവദിക്കണം. ഇത് വൈകാരിക വിഷയമാണെന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാടിനെ എ.ഐ.സി.സി പിന്തുണയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മയും രംഗത്തെത്തിയിരുന്നു. ശബരിമല യുവതിപ്രവേശ വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാട് ശക്തമാക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയത്.

കേരളത്തില്‍ ഇതൊരു വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്. കേരളത്തിലെ സ്ത്രീകളും അചാരങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്. അതിനാലാണ് തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്ത എ.ഐ.സി.സി പിന്നീട് സംസ്ഥാനത്തെ പാര്‍ട്ടി നിലപാടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. പാര്‍ട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ താനും അവരുടെ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*