ലസിത് മലിംഗയ്‌ക്കെതിരെയും മീടു; സംഭവം ഐ.പി.എല്ലിനിടെ..!!

അര്‍ജുന രണതുംഗയ്‌ക്കെതിരായ ലൈംഗികാരോപണത്തിന് പിന്നാലെ ശ്രീലങ്കന്‍ താരം ലസിത് മലിംഗയ്ക്ക് നേരെയും മീടു. ഗായിക ചിന്മയി ശ്രീപദയാണ് ഒരു സ്ത്രീയോട് മലിംഗ മോശമായി പെരുമാറിയെന്ന കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഐ.പി.എല്ലിനിടെയായിരുന്നു സംഭവം. തന്റെ പേര് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവതി സംഭവം വിവരിക്കുന്നത്. ചിന്മയി ശ്രീപദയാണ് സംഭവം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘പേരു വെളിപ്പെടുത്താന്‍ എനിക്ക് ആഗ്രഹമില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയിലെ ഒരു ഹോട്ടലില്‍ സുഹൃത്തിനൊപ്പം താമസിക്കുമ്പോഴാണ് സംഭവം. ഒരു ദിവസം ഹോട്ടലില്‍ ഞാന്‍ സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു. സുഹൃത്ത് തന്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് ഐ.പി.എല്ലില്‍ കളിക്കുന്ന പ്രശസ്തനായ ഒരു ശ്രീലങ്കന്‍ കളിക്കാരന്‍ എന്റെ അടുത്തെത്തി. ഞാന്‍ അയാളോടൊപ്പം മുറിയില്‍ ചെന്നെങ്കിലും സുഹൃത്ത് അവിടെയില്ലായിരുന്നു. പെട്ടെന്നു തന്നെ അയാള്‍ എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നിട്ട് അപമാനിക്കാന്‍ ശ്രമിച്ചു.

എനിക്ക് അയാളെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. ഞാന്‍ കണ്ണും വായും മുറുക്കെ അടച്ചു കിടന്നു. എന്നിട്ടും അയാളെന്റെ മുഖത്ത് തോന്നിയതെല്ലാം ചെയ്തു. ഇതിനിടെ അയാള്‍ക്ക് മദ്യവുമായി ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ വാതിലില്‍ വന്നുമുട്ടി. അയാള്‍ വാതില്‍ തുറക്കാന്‍ പോയ തക്കത്തിന് ഞാന്‍ എഴുന്നേറ്റ് ഓടി വാഷ് റൂമില്‍ പോയി മുഖം കഴുകി. ഹോട്ടല്‍ ജീവനക്കാരന്‍ പോയതിനൊപ്പം ഞാനും പുറത്തേക്കോടി രക്ഷപ്പെട്ടു. അയാള്‍ എന്നെ അപമാനിച്ചു. ഞാന്‍ മനഃപൂര്‍വം അയാളുടെ മുറിയിലേക്കു പോയതാണെന്ന് ആളുകള്‍ പറഞ്ഞേക്കാം. അയാളുടെ പ്രശസ്തി മുതലെടുക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനിച്ചേക്കാം. ഇതു ഞാന്‍ അര്‍ഹിക്കുന്നതാണെന്ന് പറയുന്നവരുമുണ്ടാകാം.‘

ശ്രീലങ്കന്‍ താരം ലസിത് മലിംഗയെക്കുറിച്ച് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐ.പി.എല്ലിന്റെ 10 സീസണിലും മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ലസിത് മലിംഗ. 110 മല്‍സരങ്ങളില്‍നിന്നായി 154 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അദ്ദേഹം, ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരവുമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 30 ടെസ്റ്റുകളില്‍നിന്ന് 101 വിക്കറ്റും 207 ഏകദിനങ്ങളില്‍നിന്ന് 306 വിക്കറ്റും 68 ടി-20 മത്സരങ്ങളില്‍നിന്ന് 90 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*