ബോളിവുഡിലെ മീ ടൂ: ഒടുക്കം മൗനം വെടിഞ്ഞ് അമിതാഭ് ബച്ചന്‍..!!

ബോളിവുഡ് താരം നാനാ പടേക്കറിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ഒടുക്കം മൗനം വെടിഞ്ഞ് നടന്‍ അമിതാഭ് ബച്ചന്‍. ജോലി സ്ഥലങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറാന്‍ പാടില്ലെന്നാണ് അമിതാഭിന്റെ പ്രതികരണം.  നാനാ പടേക്കറിനെതിരെ തനൂശ്രീ ദത്ത ഉയര്‍ത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അമിതാഭ് പ്രതികരിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 76ാം പിറന്നാള്‍ ദിനത്തില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് അമിതാഭ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി.

‘ഒരിടത്തും ഒരു സ്ത്രീയ്ക്കും ഒരുതരത്തിലുമുള്ള മോശം അനുഭവമുണ്ടാവാന്‍ പാടില്ല. പ്രത്യേകിച്ച് ജോലി സ്ഥലത്ത്. ഇത്തരം പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നിയമപ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.  ‘അച്ചടക്കവും സാമൂഹ്യ ധാര്‍മ്മിക മൂല്യങ്ങളും വിദ്യാഭ്യാസം തുടങ്ങുന്ന കാലം മുതല്‍ തന്നെ നേടിയെടുക്കണം. സ്ത്രീകളും കുട്ടികളും സമൂഹത്തിലെ ബലഹീനരുമാണ് അതിക്രമങ്ങള്‍ക്ക് ഇരയാവുന്നത്. അവര്‍ പ്രത്യേക സംരക്ഷണത്തിനുള്ളിലായിരിക്കണം.’ എന്നും അദ്ദേഹം പറഞ്ഞു.

തനൂശ്രീയുടെ ആരോപണം വന്നതിനു പിന്നാലെ അമിതാഭിനോട് ഇതുസംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോള്‍ ‘എന്റെ പേര് തനുശ്രീയെന്നോ നാനാ പടേക്കര്‍ എന്നോ അല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനെതിരെ തനുശ്രീ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ‘സാമൂഹ്യ പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കുന്ന ആളുകളാണ് ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നത് ഏറെ വേദനിപ്പിക്കുന്നു. സിനിമയിലെ അവരുടെ അഭിനയം കണ്ട് ആളുകള്‍ കയ്യടിക്കും. എന്നാല്‍ അവര്‍ക്കുചുറ്റും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ അര്‍ത്ഥശൂന്യമായ വാക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.’ എന്നാണ് തനുശ്രീ പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*