പ്രതിയുടെ ആത്മഹത്യയോടെ എഴുതിത്തള്ളാനൊരുങ്ങിയ പിണറായി കൂട്ടക്കൊലപാതകം ക്രൈംബ്രാഞ്ച്‌ പുനരന്വേഷിക്കും; പുനരന്വേഷണം ഇതിനുവേണ്ടി..??

കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ വനിതാ സബ്‌ ജയില്‍ വളപ്പിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതോടെ അവസാനിക്കുമെന്ന് കരുത്തിയ കേസ് ക്രൈംബ്രാഞ്ച്‌ പുനരന്വേഷിക്കും . പ്രതിയുടെ ആത്മഹത്യയോടെ എഴുതിത്തള്ളാനൊരുങ്ങിയ കൂട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിനു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ഉത്തരവിട്ടു.

മാതാപിതാക്കളെയും രണ്ടു മക്കളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കേയായിരുന്നു പ്രതിയുടെ ആത്മഹത്യ. കണ്ണൂര്‍ ജില്ലാ പോലീസ്‌ മേധാവി ശിവവിക്രമിന്റെ റിപ്പോര്‍ട്ട്‌ പ്രകാരമാണു കൂട്ടക്കൊലപാതകം പുനരന്വേഷിക്കാന്‍ ഡി.ജി.പി: ബെഹ്‌റ ഉത്തരവിട്ടത്‌. സൗമ്യ ഒറ്റയ്‌ക്കല്ല കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തതെന്ന വിലയിരുത്തലിലാണു പുനരന്വേഷണം.

പ്രതി ജയിലില്‍ ജീവനൊടുക്കാനുള്ള സാഹചര്യം, സൗമ്യയുടെ കാമുകന്മാര്‍ ആരൊക്കെ?, കേസ്‌ അട്ടിമറിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചതാര്‌? എന്നീ കാര്യങ്ങളില്‍ അന്വേഷണമുണ്ടാകും. ജയില്‍വളപ്പില്‍ പ്രതിയെ വേണ്ടത്ര സുരക്ഷയില്ലാതെ വിട്ടതിന്‌ അഞ്ച്‌ ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ജയിലില്‍ പശുക്കളെ നോക്കുന്ന ചുമതലയായിരുന്നു സൗമ്യയ്‌ക്ക്‌.

കഴിഞ്ഞ ഓഗസ്‌റ്റ്‌ 24-നു രാവിലെ തൊഴുത്തിനു പിന്നിലുള്ള കശുമാവില്‍, സഹതടവുകാരിയുടെ സാരി ഉപയോഗിച്ചാണു സൗമ്യ തൂങ്ങിമരിച്ചത്‌.  മക്കളെയും മാതാപിതാക്കളെയും പലപ്പോഴായി ഒറ്റയ്‌ക്കു കൊലപ്പെടുത്തിയെന്നത്‌ ആദ്യം മുതല്‍ സംശയാസ്‌പദമായിരുന്നു. കാമുകനൊപ്പം കഴിയാന്‍ വേണ്ടിയാണു കൊലപാതകങ്ങള്‍ നടത്തിയതെന്നു സൗമ്യ മൊഴി നല്‍കിയെങ്കിലും കാമുകന്റെ പങ്ക്‌ കാര്യമായി അന്വേഷിക്കപ്പെട്ടില്ല.

സൗമ്യയ്‌ക്കു നാട്ടില്‍ മറ്റു പലരുമായുള്ള ബന്ധവും അന്വേഷിക്കാന്‍ പോലീസ്‌ തയാറായില്ല. താനുമായി ബന്ധമുള്ള ആര്‍ക്കും കേസില്‍ പങ്കില്ലെന്നു സൗമ്യ മൊഴി നല്‍കിയതായി പോലീസ്‌ പറയുന്നു. എന്നാല്‍, താന്‍ നിരപരാധിയാണെന്നും കൊലപാതകം നടത്തിയതു മറ്റൊരാളാണെന്നും വ്യക്‌തമാക്കുന്ന സൗമ്യയുടെ ഡയറി കുറിപ്പുകള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.

സൗമ്യയുടെ പിതാവ്‌ പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), മാതാവ്‌ കമല (65), മക്കളായ ഐശ്വര്യ (എട്ട്‌), കീര്‍ത്തന (ഒന്നര) എന്നിവരാണു കൊല്ലപ്പെട്ടത്‌. 2012 സെപ്‌റ്റംബര്‍ ഒമ്പതിനായിരുന്നു കീര്‍ത്തനയുടെ മരണം. കഴിഞ്ഞ ജനുവരി 31-ന്‌ ഐശ്വര്യയും മാര്‍ച്ച്‌ ഏഴിനു കമലയും ഏപ്രില്‍ 13-നു കുഞ്ഞിക്കണ്ണനും സമാനസാഹചര്യത്തില്‍ മരിച്ചു. അമ്മയുടെ അവിഹിതബന്ധങ്ങളെക്കുറിച്ചു മുത്തച്‌ഛനെ അറിയിക്കുമെന്നു പറഞ്ഞതിന്റെ പേരിലാണ്‌ ഐശ്വര്യയെ കൊലപ്പെടുത്തിയത്‌. തുടര്‍ന്നും വീട്ടില്‍ ആളുകള്‍ വന്നുകൊണ്ടിരുന്നതിന്റെ പേരില്‍ പിതാവുമായി വഴക്കുണ്ടായി. ഇതേത്തുടര്‍ന്നു മാതാപിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു.

സൗമ്യ ജീവനൊടുക്കിയ ദിവസം ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സൗമ്യ മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്ന വിശദീകരണം ചില സഹതടവുകാര്‍ നിഷേധിക്കുന്നു. മക്കളുടെയും മാതാപിതാക്കളുടെയും മരണത്തില്‍ സൗമ്യയ്‌ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും നടന്നു. ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചും സംശയങ്ങളുയര്‍ന്നു. ഇതേത്തുടര്‍ന്നാണു കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറുന്നത്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*