പ്രളയക്കെടുതി : പുഞ്ചകൃഷി ഇറക്കാനിരിക്കെ പാടശേഖര സമിതികള്‍ നെട്ടോട്ടത്തില്‍,യന്ത്രസാമാഗ്രകികള്‍ പൂര്‍ണമായി നശിച്ചു…

പ്രളയം തീര്‍ത്ത ബാധ്യതകള്‍ക്ക് പിന്നാലെ പാടശേഖര സമിതികളും നെട്ടോട്ടമോടാന്‍ തുടങ്ങി. പുഞ്ചകൃഷി ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കൃഷി ആരംഭിക്കണമെങ്കില്‍ പാടശേഖര സമിതികള്‍ അടിയന്തിരമായി ലക്ഷങ്ങള്‍ കണ്ടെത്തണം.

പാടശേഖരങ്ങളുടെ മോട്ടോര്‍ മെഷിനുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി ദിവസങ്ങള്‍ കിടന്നതോടെ മീറ്ററുകള്‍ ,മെയിന്‍ സ്വിച്ചുകള്‍, സ്റ്റാര്‍ട്ടറുകള്‍, പെട്ടി,തറ തുടങ്ങിയവ പൂര്‍ണമായും നശിച്ചു.
ലക്ഷക്കണക്കിനു രൂപയുടെ ബാധ്യതകളാണ് ഉണ്ടായിരിക്കുന്നത്.

ഇവ കണ്ടെത്തി മോട്ടറുകള്‍ ഉപയോഗ പ്രദമാക്കിയെങ്കിലേ പമ്പിങ് ജോലികള്‍ ആരംഭിക്കാന്‍ കഴിയൂ. തുലാമാസം പകുതിയോടെ പുഞ്ചപ്പാടങ്ങളില്‍ സാധാരണയില്‍ കൃഷി ആരംഭിക്കേണ്ടതാണ് .
എന്നാല്‍ ഈ സീസണില്‍ അതിന് തടസമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എഴുപതും തൊണ്ണൂറും ഹോഴ്‌സ് പവറുകളുടെ മോട്ടറുകളാണ് പല പാടശേഖരങ്ങള്‍ക്കുമുള്ളത്. അതിനാല്‍ മുന്‍കൂറായി ഭീമമായ തുക കണ്ടെത്തണം.

മാത്രമല്ല രണ്ട് വെള്ളപ്പൊക്കവും പിന്നാലെയെത്തിയ പ്രളയവും പാടശേഖരങ്ങളുടെ പുറം ബണ്ടുകള്‍ പലയിടങ്ങളിലും തകര്‍ത്തിരിക്കുകയാണ്.കെ എല്‍ ഡി സി യുടെ പരിശോധന അനുസരിച്ച്‌ പുറംബണ്ടുകള്‍ കൃഷി വകുപ്പ് തന്നെ സമയ ബന്ധിതമായി നിര്‍മ്മിച്ചു നല്‍കിയാല്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക വൃത്തിയില്‍ ആത്മ വിശ്വാസം കൈവരിക്കുകയും ഉത്പാദനം കാര്യക്ഷമമാകുകയും ചെയ്യും. എന്നാല്‍ കൃഷി വകുപ്പ് മുന്‍കൈയ്യെടുക്കണമെന്ന് മാത്രം.

വിത്ത് , നീറ്റു കക്ക ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ക്ക് പിന്നാലെ വീണ്ടും കര്‍ഷകര്‍ പണം കണ്ടെത്തണമെന്നിരിക്കെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പെടുത്തി പാടശേഖരങ്ങളുടെ പൊതുവായ ന്യൂനതകള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകരും പാടശേഖര സമിതികളും ആവശ്യപ്പെടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*