ജാതി സംവരണം; എന്‍.എസ്.എസിന് തിരിച്ചടി: ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി..!!

ജാതി അടിസ്ഥാനത്തില്‍ പിന്നോക്കാവസ്ഥ നിര്‍ണയിച്ചുള്ള സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു എന്‍.എസ്.എസ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതേ തുടര്‍ന്ന് എന്‍.എസ്.എസ് ഹര്‍ജി പിന്‍വലിച്ചു. സംവരണത്തിന് അര്‍ഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തില്‍ അല്ല വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കേരളത്തില്‍ ആറുപത് വര്‍ഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹര്‍ജിയില്‍ എന്‍.എസ്.എസ് പറഞ്ഞിരുന്നു. ജാതികള്‍ക്ക് ഉള്ളിലുള്ള പ്രത്യേക വിഭാഗക്കാരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ഭരണഘടനയുടെ 341, 342 അനുച്ഛേദങ്ങള്‍ പ്രകാരം രാഷ്ട്രപതിക്കുള്ള അധികാരം പ്രഖ്യാപിക്കണമെന്നും എം നാഗരാജ് കേസില്‍ കോടതി നിര്‍ദ്ദേശിച്ച സ്ഥിതി വിവര ശേഖരണം പൂര്‍ത്തിയാകുന്നത് വരെ പിന്നോക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിര്‍ത്തിവെയ്ക്കണമെന്നുമാണ് എന്‍.എസ്.എസിന്റെ പ്രധാന ആവശ്യം.

‘ഭൂമി ഉടമസ്ഥതയിലെ സാമൂഹിക യാഥാര്‍ഥ്യം സംവരണ വ്യവസ്ഥയില്‍ പ്രതിഫലിക്കുന്നില്ല. നായന്‍മാര്‍ മുന്നാക്ക വിഭാഗവും ഈഴവര്‍ ഇതര പിന്നാക്ക വിഭാഗവുമെന്ന സ്ഥിതി തുടരുന്നു. സംവരണ വിഭാഗങ്ങള്‍ക്കു സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അടിത്തറ വികസിപ്പിക്കാന്‍ സാധിച്ചു. നായര്‍ സമുദായം എല്ലാത്തരത്തിലും ക്ഷയിച്ചു’. ‘സര്‍ക്കാര്‍ സര്‍വീസില്‍ സംവരണാനുകൂല്യം ലഭിച്ചവരെക്കുറിച്ചു പി.എസ്.സിയുടെ പക്കല്‍ കണക്കുകളില്ല. കൃത്യമായ കണക്കുകള്‍ ശേഖരിക്കുംവരെ നിലവിലെ രീതിയില്‍ സംവരണം അനുവദിക്കുന്നതില്‍നിന്നു സംസ്ഥാന സര്‍ക്കാരിനെ വിലക്കണം’ തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*