ഹ്യൂമിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം ഇതാണ്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്..!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തണലായിരുന്നു ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടന്‍. കളത്തില്‍ എതിരാളികളെ തന്ത്രംകൊണ്ട് കീഴടക്കി എതിര്‍ ടീമിന്റെ വല ചലിപ്പിക്കുന്ന താരം ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഉണ്ടാകില്ല. ഹ്യൂമേട്ടന്‍ ഇല്ലാത്തത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് താരം ഇത്തവണ ഐഎസ്എല്ലില്‍ പൂനെയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹ്യും ഉന്നയിക്കുന്നത് എന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.

നൂറ് ശതമാനം മാച്ച് ഫിറ്റ്‌നസ് ഹ്യും കൈവരിച്ചിട്ടില്ല. നാല് മാസം കൂടി കളത്തിലിറങ്ങാന്‍ ഹ്യൂമിന് വേണ്ടിവരും എന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ജനുവരി വരെ ഗ്രൗണ്ടില്‍ ഹ്യൂമിന്റെ സേവനം ലഭിക്കില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ത്രിപുരനേനി പറഞ്ഞു.

എട്ട് വിദേശ താരങ്ങള്‍ ഒരു ടീമില്‍ ആവാം എന്നായിരുന്നു ചട്ടം എങ്കില്‍ ജനുവരി വരെ ഹ്യൂമിന് വേണ്ടി കാത്തിരിക്കാമായിരുന്നു. എന്നാല്‍, ഏഴ് വിദേശ താരങ്ങളെ മാത്രമേ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു. മാത്രമല്ല, പ്രീസീസണ്‍ മത്സരങ്ങളും ലാ ലിഗയും പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയെന്നും ബ്ലാസ്റ്റേഴ്‌സ് സിഇഒ ചൂണ്ടിക്കാണിക്കുന്നു.

പരിക്കേറ്റ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു എന്ന് പറയുന്നത് ശരിയല്ല. പുനെയിലെ പ്രശസ്തനായ ഡോ.സച്ചിന്‍ തപസ്വിയാണ് ഹ്യൂമിന്റെ ശസ്ത്രക്രീയ നടത്തിയത്. ചികിത്സ ചിലവെല്ലാം ബ്ലാസ്‌റ്റേഴ്‌സാണ് വഹിച്ചത്. സൂപ്പര്‍ കപ്പിന്റെ സമയത്ത് ഉള്‍പ്പെടെ അദ്ദേഹം ക്ലബിന്റെ തണലിലായിരുന്നു. പിന്നീട് കാനഡയിലേക്ക് ഹ്യൂം പോയപ്പോള്‍ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ഫിറ്റ്‌നസ് കോച്ച് മേല്‍നോട്ടം വഹിച്ചിരുന്നുവെന്നും ത്രിപുരനേനി പറയുന്നു.

ഹ്യൂമിന്റെ പുരോഗതി ഡേവിഡ് ജെയിംസ് തുടര്‍ച്ചയായി വിലയിരുത്തിയിരുന്നു. നാലാം സീസണിന്റെ തുടക്കത്തില്‍ തിളങ്ങാന്‍ ഹ്യൂമിന് സാധിച്ചില്ല. ഡേവിഡ് ജെയിംസിന്റെ കീഴില്‍ ഫോമിലേക്ക് ഉയര്‍ന്ന് തുടങ്ങിയപ്പോഴേക്കും പരിക്ക് വില്ലനായി എത്തി. എന്നിട്ടും ക്ലബ് അദ്ദേഹത്തെ കൈവിട്ടില്ല എന്നും സിഇഒ പറയുന്നു.

ബ്ലാസ്റ്റേഴ്‌സിനെതിരെ ഹ്യൂം പ്രതികരിച്ചതില്‍ ദുഃഖമുണ്ട്. ഹ്യൂമിനെ മുന്നില്‍ വെച്ച് ഭാവിയിലേക്ക് പല പദ്ധതികളും തങ്ങള്‍ പദ്ധതിയിട്ടിരുന്നു എന്നും ത്രിപുരനേനി വെളിപ്പെടുത്തുന്നു. പരിക്കു പറ്റി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ വിധം മാറുകയായിരുന്നു എന്നാണ് ഹ്യൂം മാനേജ്‌മെന്റിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*