ഡീസല്‍ വില എണ്‍പതെത്തുന്നു; അടുത്ത മാസം മുതല്‍ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവയ്ക്കും..??

കോഴിക്കോട് ജില്ലയില്‍ ഇരുന്നൂറിലധികം സ്വകാര്യ ബസ്സുകള്‍ അടുത്ത മാസം മുതല്‍ താല്‍ക്കാലിക സര്‍വ്വീസ് നിര്‍ത്തിവയ്ക്കലിനായി അപേക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. ഡീസല്‍ വിലയിലെ വര്‍ദ്ധനവ് അനിയന്ത്രിതമായി തുടരുന്നതിനെത്തുടര്‍ന്ന് നേരിടേണ്ടി വരുന്ന അധികച്ചെലവാണ് സ്‌റ്റോപ്പേജ് നല്‍കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍ പറയുന്നു. ബസ്സുകള്‍ കൂട്ടത്തോടെ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നത് പൊതു ഗതാഗത മേഖലയെത്തന്നെ പ്രതിസന്ധിയിലാക്കിയേക്കും.

കഴിഞ്ഞ മാര്‍ച്ചില്‍ 62 രൂപയായിരുന്ന ഡീസല്‍ വില പടിപടിയായി വര്‍ദ്ധിച്ച് നിലവില്‍ 79 രൂപയോളമെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍, ബസ്സുകളുടെ പ്രതിദിന വരുമാനത്തില്‍ ആയിരത്തിയറുന്നൂറു രൂപ വരെ കുറവു നേരിടുന്നുണ്ട്. ലഭിക്കുന്ന വരുമാനമെല്ലാം ഡീസലിനത്തില്‍ ചെലവാകുകയാണെന്നും, നൂറു ലിറ്ററോളം ഇന്ധനം വേണ്ടിവരുന്ന വണ്ടികള്‍ നിലവില്‍ വലിയ നഷ്ടം സഹിച്ചാണ് ഓടുന്നതെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ദിവസേന അഞ്ഞൂറു രൂപ വരെ കൈയില്‍ നിന്നെടുക്കേണ്ടി വരുന്നുണ്ട്. ഇതിനിടെ ടാക്‌സ് അടയ്‌ക്കേണ്ട തീയതി കൂടി അടുത്തതോടെയാണ് പലരും സ്റ്റോപ്പേജ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്‍. തുളസീദാസ് പറയുന്നു. ‘പ്രളയക്കെടുതി കണക്കിലെടുത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപെട്ട് ടാക്‌സ് അടയ്‌ക്കേണ്ട അവസാന തീയതി ഒന്നര മാസം നീട്ടിത്തന്നിരുന്നു. ഈ മാസം മുപ്പതു വരെയാണ് സമയമുള്ളത്. പക്ഷേ ഈയവസ്ഥയില്‍ പണം അടയ്ക്കാന്‍ സാധിക്കില്ല എന്നുറപ്പാണ്.’ തുളസീദാസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*