അഭിമന്യു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കുത്തിയത് സഹലെന്ന് പൊലീസ്..!

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണസംഘം എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ എസ്.ടി. സുരേഷ് കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

ഒന്നാം പ്രതി കാമ്പസ് ഫ്രണ്ട് കോളേജ് യൂണിറ്റ് സെക്രട്ടറിയായ ജെ.ഐ. മുഹമ്മദും രണ്ടാംപ്രതി കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലിമുമാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത് എറണാകുളം മരട് നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ സഹലാണെന്ന് (21) അന്വേഷണസംഘം വ്യക്തമാക്കി.

ഒളിവില്‍ കഴിയുന്ന സഹല്‍ ഉള്‍പ്പടെ എട്ടു പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 30 പ്രതികളാണ് കേസിലുള്ളത്. മറ്റു പ്രതികള്‍ പിടിയിലാകുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം നല്‍കും. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അക്രമത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കും. അതിനാലാണ് പിടിയിലായവര്‍ക്കെതിരെ വേഗത്തില്‍ കുറ്റപത്രം നല്‍കിയത്.

സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, കാമ്പസ് ഫ്രണ്ട് കൊച്ചി മേഖല ട്രഷറര്‍ റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലിമിന്റെ സഹോദരനും ജില്ലാ കമ്മിറ്റി അംഗവുമായ ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്‍, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, പത്തനംതിട്ട സ്വദേശിയും കോളേജില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയ ഫറൂഖ് അമാനി, പോപ്പുലര്‍ ഫ്രണ്ടുകാരായ അബ്ദുള്‍ നാസര്‍, അനൂപ് എന്നിവരാണ് മറ്റ് പ്രതികള്‍

ജൂലായ് രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളേജിന്റെ പിന്‍വശത്തുള്ള ടി.ഡി റോഡില്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്കും കുത്തേറ്റു. ചുവരില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*