സംസ്ഥാനമാകെ റെഡ് അലര്‍ട്ട് ..14 ജില്ലകളിലും കനത്ത ജാഗ്രത…!!

കേരളം മുഴുവന്‍ റെഡ് അലര്‍ട്ട്. കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെവരെ ഓറഞ്ച് അലർട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അല‍ര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴക്കെടുതിയില്‍ ഇന്ന് മാത്രം എഴുപേരാണ് മരിച്ചത്. ഈ മാസം ഒന്‍പതുമുതല്‍ ഇതുവരെ മഴക്കെടുതിയില്‍ 42 പേരാണ് മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗക കണക്കാണിത്. 12 ജില്ലകളിലാണ് ഇതിന് മുമ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മഴ ദുരിതത്തിന് ഉടന്‍ ആശ്വാസമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഒറീസ്സ തീരത്തെ ന്യൂനമര്‍ദ്ദം ശക്തമായതാണ് കേരളത്തില്‍ കനത്ത മഴക്ക് വഴി വച്ചത്.

ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നാളെയും കനത്ത മഴ തുടരും. എറാണകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് ആയിരിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്തി. പ്രളയക്കെടുതി നേരിടാന്‍ മനുഷ്യാസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മഴ രൂക്ഷമായതിനാല്‍ നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിരിക്കുകയാണ്. എല്ലാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ട്രെയിനുകളും വൈകിയോടുകയാണ്. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകളുടെ വേഗം കുറച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*