ടീം ഇന്ത്യക്ക് നന്ദി; യു.എ.ഇയുടെ സഹായം സ്വീകരിക്കുന്നത് തടഞ്ഞാല്‍ മോദിയെ സമീപിക്കും, ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി..!!

യു.എ.ഇയുടേതടക്കം എല്ലാ ലോകരാജ്യങ്ങളില്‍ നിന്നുമുള്ള സഹായത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെങ്കില്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും പിണറായി പറഞ്ഞു. ലോകം കേരളത്തെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാ ദൌത്യത്തില്‍ ഏര്‍പ്പെട്ട‌ സേനാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യാത്രയപ്പ് നല്‍കും.

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ ദുരന്ത നിവാരണ നയം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ തടയുന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യു.എ.ഇയുടെ സഹായ വാഗ്ദാനത്തെ പ്രധാനമന്ത്രി തന്നെ ട്വിറ്ററിലൂടെ നേരത്തെ സ്വാഗതം ചെയ്തത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016 ലെ ദേശീയ ദുരന്ത നിവാരണ നയം പ്രകാരം ഇങ്ങോട്ട് വാഗ്ദാനം ചെയ്യുന്ന സഹായങ്ങള്‍ സ്വീകരിക്കാമെന്ന കാര്യവും മുഖ്യമന്ത്രി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ വിജയം കേരളത്തിന് സമ്മാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു.

സംസ്ഥാനം പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈക്കിളിനായി വച്ച പണവും സ്വന്തം ഭൂമിയുമൊക്കെ ദുരിതാശ്വാസത്തിന് സംഭാവന ചെയ്യുന്ന പുതിയ തലമുറ ലോകത്തിന് തന്നെ മാതൃകയാണെന്നും പറഞ്ഞു. ഈ മാസം 26 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സേനാ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ യാത്രയപ്പ് നല്‍കും.

അതേസമയം കേരളത്തിലെ പ്രളയം ഭരണകൂടസൃഷ്ടിയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് കണക്കു നിരത്തി പിണറായി വിജയന്റെ മറുപടി. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിശദമാക്കിക്കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനമാണ് പ്രതിപക്ഷ നേതാവിന് മറുപടി നല്‍കാന്‍ കൂടിയുള്ള വേദിയായി മുഖ്യമന്ത്രി മാറ്റിയത്. ഓരോ ആരാപണങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

പെട്ടന്നുണ്ടായ മഴ കാരണമാണ് ഡാമുകള്‍ നിറയുന്ന സാഹചര്യം ഉണ്ടായത്. രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയ എല്ലാ പ്രദേശങ്ങളിലും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ആളുകളെ തീരങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച എല്ലാ അലര്‍ട്ടുകളും സര്‍ക്കാര്‍ കൃത്യമായി പുറപ്പെടുവിച്ചത് സര്‍ക്കാരിന് ഇതിനേക്കുറിച്ച് ധാരണ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഡാം തുറക്കുന്നതിനെ സംബന്ധിച്ച് രമേശ് ചെന്നിത്തല തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നുവെന്നും, ആരോപണങ്ങള്‍ക്കുവേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*