മഴക്കെടുതി തുടരുന്നു: ബലിതർപ്പണ ചടങ്ങുകൾ നടക്കാനിരിക്കെ ജനങ്ങൾക്ക് കര്‍ശന സുരക്ഷാ നിർദ്ദേശങ്ങൾ; എറണാകുളത്ത് കുടിവെള്ളവിതരണം ഉറപ്പാക്കാന്‍ നിര്‍ദേശം..!!

പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലെ ജില്ലയിലെ എംഎല്‍എമാരേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമെങ്കിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുമെന്ന് റവന്യൂമന്ത്രി പറഞ്ഞു.

ക്യാന്പുകളിൽ എത്താത്ത ദുരിതബാധിത പ്രദേശങ്ങളിൽ  ഉള്ളവർക്കും സഹായം ലഭ്യമാക്കും. പെരിയാറിൽ ചെളിവെള്ളം നിറഞ്ഞതിനാൽ പന്പിംഗ് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. കുടിവെള്ളം എത്തിക്കേണ്ടിടത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എറണാകുളത്ത് നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബലിതർപ്പണ ചടങ്ങുകൾ നടക്കാനിരിക്കെ ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം കയറാത്തിടത്ത് മാറിനിന്ന് ബലിതർപ്പണ ചടങ്ങുകൾ നടത്തണം. ചടങ്ങിന് അത്യാവശ്യമുള്ളവർ മാത്രം വെള്ളത്തിനടുത്തേക്ക് എത്തുക. വേണ്ട സുരക്ഷാ ജാഗ്രത സംസ്ഥാന സർക്കാർ എടുക്കുന്നുണ്ട്. ബലിതർപ്പണ ചടങ്ങുകൾ സുരക്ഷിതമായി നടത്താൻ എടുക്കേണ്ട നടപടികൾ സംബന്ധിച്ച് പൊലീസ് ദേവസ്വം ബോർഡ് അധികൃതരുമായി സംസാരിക്കുന്നുണ്ട്.

ഇപ്പോഴത്തെ നിലയിൽ വെള്ളം വലിയതോതിൽ ഉയരാനിടയില്ല എന്നാണ് കണക്കുകൂട്ടുന്നത്. ഇത് രാവിലെ 11 മണിക്ക് പറയാവുന്ന നിലയാണ്, ഉച്ചക്ക് ശേഷം ജലനിരപ്പ് ഉയർന്നാൽ എല്ലാവരും ഒരുമിച്ചുനിന്ന് നിലവിലെ സാഹചര്യത്തെ നേരിടും. നേവി, കോസ്റ്റ്ഗാർഡ്, മിലിട്ടറി എൻജിനീയറിംഗ് വിഭാഗം തുടങ്ങി എല്ലാ സേനാവിഭാഗങ്ങളുടേയും സേവനം എല്ലാ ജില്ലകളിലും എത്തിക്കാനുള്ള നടപടികളാണ് എടുത്തുവരുന്നതെന്നും മന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*