മഴയ്ക്ക് കാഠിന്യം കുറയുന്നതിന് പിന്നാലെ സംസ്ഥാനത്ത് വണ്ടിയോടിത്തുടങ്ങി; കോട്ടയത്തും തൃശ്ശൂരും കോഴിക്കോടും ബസുകള്‍ സര്‍വീസ് ആരംഭിച്ചു; എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു..!!

കേരളത്തെ പിടിച്ചുലയ്ച്ച കനത്ത മഴയ്ക്ക് ചെറിയ തോതില്‍ ശമനം വന്നുതുടങ്ങിയതോടെ സംസ്ഥാനത്തെ ഗതാഗത സംവിധാനം പുനരാരംഭിച്ചു. കോട്ടയം ജില്ലയില്‍ എംസി റോഡിലും തൃശ്ശൂര്‍-കോഴിക്കോട് റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു. കോട്ടയം ഭാഗത്ത് നിന്നും ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചു. കെഎസ്‌ആര്‍ടിസി എറണാകുളം-തിരുവനന്തപുരം റൂട്ടിലും തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള റൂട്ടുകളിലും സര്‍വീസ് ആരംഭിച്ചു. അടൂരില്‍ നിന്നും കോട്ടയത്തേക്കും കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തി. എറണാകുളം അങ്കമാലി റൂട്ടിലാണ് ഇനി ഗതാഗത സംവിധാനം പുനഃസ്ഥാപിക്കാനുള്ളത്.

കോട്ടയം മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി. നിയന്ത്രണ വേഗത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴിയുള്ള എറണാകുളം സര്‍വീസുകളും നടത്തുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം റെയില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ സ്പെഷല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. നിലവില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുന്ന എറണാകുളം ഷൊര്‍ണൂര്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) കേരളത്തിലേക്കുള്ള എല്ലാ ബസ് സര്‍വീസുകളും പുനരാരംഭിച്ചു.

കെ.എസ്.ആര്‍.ടി.സി കൊല്ലം യൂണിറ്റില്‍ നിന്നും നാല് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ തെന്മലക്കും പുനലൂര്‍ ഡിപ്പോയില്‍ നിന്നും നാല് സര്‍വീസുകള്‍ എം.എസ്.എല്‍ലേക്കും ആര്യക്കാവ് ഡിപ്പോയില്‍ നിന്നും ചെങ്കോട്ടയിലേക്ക് നാല് സര്‍വീസുകളും യാത്രാക്ലേശം പരിഹരിക്കാന്‍ നടത്തി വരുന്നു.കൊല്ലം -കുളത്തുപ്പുഴ, കൊല്ലം -ചെങ്ങന്നൂര്‍, കൊല്ലം -പത്തനംതിട്ട ചെയിന്‍ സര്‍വീസുകള്‍ 20 മിനിറ്റ് ഇടവേളകളില്‍ നടത്തുന്നു.ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്‌ആര്‍ടിസി സര്‍വീസുണ്ട്.

അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു.നാവികസേനയുടെ രക്ഷാദൗത്യസംഘങ്ങള്‍ രാവിലെ ആറിനു പ്രവര്‍ത്തനം തുടങ്ങി. ഹെലികോപ്റ്ററുകളും ബോട്ടുകളും രംഗത്തുണ്ട്. തിരുവല്ല, ചെങ്ങന്നൂര്‍, അയിരൂര്‍, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്കും ഡൈവിങ് വിദഗ്ധരുടെ സംഘങ്ങള്‍ വില്ലിങ്ഡന്‍ ദ്വീപില്‍നിന്നു പറന്നിട്ടുണ്ട്. ചെങ്ങന്നൂരിലേക്കു പോയിട്ടുള്ളത് 19 ടീമുകളാണ്. തിരുവല്ലയിലേക്ക് പതിനേഴും കൊടുങ്ങല്ലൂരിലേക്ക് ഒന്‍പതും ചാലക്കുടിയിലേക്ക് അഞ്ചും ടീമുകളാണു പോയിട്ടുള്ളത്.

കോട്ടയത്ത് നിന്നും കെഎസ്‌ആര്‍ടിസിയുടെ വിവരങ്ങള്‍

കോട്ടയം – കോഴിക്കോട് ബസുകള്‍ ഓടുന്നു.
പെരുമ്ബാവൂര്‍ അങ്കമാലി മേഖലയില്‍ ചെറിയ പ്രശ്നങ്ങള്‍.
കൊല്ലം മേഖലയിലേക്ക് മാവേലിക്കര പരുമല വഴി ബസുകള്‍ പോകുന്നില്ല.
കുമളി ബസ് പീരുമേട് വരെ മാത്രം.
കോട്ടയം പാലാ തൊടുപുഴ റോഡില്‍ ബസ് ഓടുന്നു.
കോട്ടയം കാഞ്ഞിരമറ്റം വഴി എറണാകുളം വഴി ബസ് ഓടുന്നു.
കോട്ടയം വൈക്കം വഴി എറണാകുളം റോഡില്‍ സര്‍വീസില്ല.
കോട്ടയം ചങ്ങനാശ്ശേരി ആലപ്പുഴ ഓടുന്നില്ല.
കോട്ടയം – മെഡിക്കല്‍ കോളേജ് – നീണ്ടൂര്‍ -കല്ലറ- ഇടയാഴം – ബണ്ട് റോഡ് വഴി ആലപ്പുഴക്കും ചേര്‍ത്തലക്കും വണ്ടി ഓടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*