കമ്പകക്കാനം കൂട്ടക്കൊലപാതകം; ഇനിയും തീരാതെ നാട്ടുകാരുടെ സംശയങ്ങള്‍; മറുപടിയില്ലാതെ പോലീസ്…

കമ്പകക്കാനം കൊലക്കേസില്‍ ദുരൂഹത ഉയര്‍ത്തി നാട്ടുകാരുടെ സംശയങ്ങള്‍. രണ്ടു പ്രതികള്‍ അറസ്റ്റിലായെങ്കിലും കൂടുതല്‍ പ്രതികള്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടാകാം എന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ ദുരൂഹതകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ബാക്കിയാവുകയാണ്.

സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കാന്‍ പൊലീസിനു കഴിയാത്തതും ദുരൂഹത ഇരട്ടിപ്പിച്ചിട്ടുണ്ട്. അതേസമയം, കൃത്യമായ തെളിവുകള്‍ പ്രതികള്‍ക്കെതിരെയുണ്ടെന്നുമാണു പോലീസ് പറയുന്നത്. കൂട്ടക്കൊലയെക്കുറിച്ചു നാട്ടുകാരുടെ ചില സംശയങ്ങള്‍ ഇങ്ങനെ:

ആരോഗ്യദൃഢഗാത്രനായ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കായികശേഷി കുറവായ അനീഷും ലിബീഷും എങ്ങനെ കീഴ്‌പെടുത്തി? മൃതദേഹങ്ങള്‍ മറവു ചെയ്തതിനെക്കുറിച്ചുള്ള പൊരുത്തക്കേടുകള്‍: കൃഷ്ണന്റെ മുണ്ട് ഉപയോഗിച്ചു സ്വന്തം ശരീരത്തില്‍ കെട്ടിവലിച്ചാണു ചാണകക്കുഴിയിലെത്തിച്ചതെന്നാണ് അനീഷിന്റെ മൊഴി. 100 കിലോയില്‍ കൂടുതല്‍ ഭാരമാണു കൃഷ്ണന്. കഷ്ടിച്ച് 60 കിലോ പോലുമില്ലാത്ത അനീഷ് എങ്ങനെയാണു മൃതദേഹം ശരീരത്തില്‍ കെട്ടിവലിച്ചത്.

ലിബീഷ് സഹായിച്ചെങ്കിലും ഇരുവര്‍ക്കും കൂടി മൃതദേഹം ഉയര്‍ത്താന്‍ കഴിയില്ല. അടിമാലില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബൈക്കില്‍ യാത്രചെയ്താണു അനീഷ്, ലിബീഷിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മൂലമറ്റത്തു പോയി ചൂണ്ടയിട്ടെന്നും മദ്യപിച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു തൊടുപുഴയിലെത്തി, 30 കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണന്റെ വണ്ണപ്പുറത്തേക്കുള്ള വീട്ടിലേക്കു പോയെന്നും പറയുന്നു. അസമയത്ത്, അഞ്ചു പോലീസ് സ്റ്റേഷനതിര്‍ത്തിയിലൂടെയാണ് ഇരുവരും ബൈക്കില്‍ കടന്നുപോയത്.

രാത്രി പട്രോളിങ്ങിനിടെ ഇവരെ പൊലീസ് കണ്ടില്ലെന്നതും സംശയമുണര്‍ത്തുന്നു. കൊല നടത്തി രണ്ടാം ദിവസമാണു മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതെന്നാണു പ്രതികളുടെ മൊഴി. ഒരാള്‍ക്കുപോലും നീണ്ടുനിവര്‍ന്നു കിടക്കാനാകാത്ത കുഴിയില്‍ തണുത്തുറഞ്ഞ ശരീരത്തിന്റെ കയ്യും കാലും മടക്കി, അടുക്കിക്കിടത്തുന്നതു വിശ്വസിക്കാന്‍ കഴിയില്ലെന്നും പറയുന്നു. മനോദൗര്‍ബല്യമുള്ളയാളാണു കൃഷ്ണന്റെ മകന്‍ അര്‍ജുനെന്നാണു പൊലീസിന്റെ വാദം. എന്നാല്‍ അര്‍ജുനു പഠന വൈകല്യം മാത്രമാണെന്നാണ് അധ്യാപകര്‍ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*